കൊല്ലം: ഇന്നലെ പകൽ സമയത്ത് തിമിർത്ത് പെയ്ത പെരുമഴയിൽ ജനങ്ങൾ വലഞ്ഞു. രാവിലെ മുതൽ കൃത്യമായ ഇടവേളകളിലെത്തിയ ശക്തമായ മഴയിൽ പത്തനാപുരം താലൂക്കിലെ ഒരു വീട് ഭാഗികമായി തകർന്നു. മഴയുടെ തോത് വർദ്ധിച്ചതോടെ കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ജില്ലയിലെ മിക്ക വയലേലകളിലും ജലനിരപ്പ് ഉയർന്നതിനാൽ നെൽക്കൃഷിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് സാവധാനം ഉയരുകയാണ്. 115.52 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ.110.46 മീറ്റർ വെള്ളമുണ്ടായിരുന്നു. മഴയ്ക്കൊപ്പം കടലിൽ കൂറ്റൻ തിരമാലകൾ ഉയരുന്നത് മത്സ്യത്തൊഴിലാളികൾക്കും വെല്ലുവിളിയാണ്. ഇന്നലെ രാവിലെ അഴീക്കലിൽ തിരയിൽപ്പെട്ട വള്ളം തീരത്തേക്ക് ഇടിച്ചുകയറി തൊഴിലാളി മരിച്ചിരുന്നു.
കൊവിഡ് പ്രതിരോധത്തിനും വെല്ലുവിളി
തുടർച്ചയായ മഴ ജനജീവിതത്തെ പല തരത്തിലാണ് ബാധിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മഴ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മഴ തുടരുന്നത് കൊവിഡിനൊപ്പം വിവിധ പകർച്ചവ്യാധികൾക്ക് ഇടവരുത്തുമെന്ന ആശങ്ക ആരോഗ്യ പ്രവർത്തകർക്കുമുണ്ട്. തോടുകളും ആറുകളും ഉൾപ്പെടെ ജില്ലയിലെ മിക്ക ജലസ്രോതസുകളിലെയും ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വൻ തോതിൽ ഉയർന്നു.