കൊല്ലം: ഉറപ്പിച്ച വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിന്റെ മനോവിഷമത്തിൽ റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി റംസിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കൊട്ടിയം, കണ്ണനല്ലൂർ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് ആദ്യം അന്വേഷിച്ചിരുന്നത്. അന്വേഷണത്തിൽ അപാകതയുണ്ടെന്ന് റംസിയുടെ ബന്ധുക്കളും ആക്‌ഷൻ കൗൺസിലും ആരോപിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അസി. കമ്മിഷണർ അഭിലാഷിന്റെ നേതൃത്വത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചപ്പോഴാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കേസ് വിട്ടുകൊടുത്തതായി ഉത്തരവുണ്ടായത്. റംസിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ഗർഭഛിദ്രത്തിന് വിധേയയാക്കിയതിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ എട്ട് വർഷമായി ഹാരിസുമായി പ്രണയത്തിലായിരുന്ന റംസിയെ കഴിഞ്ഞമാസം മൂന്നിനായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് വണ്ണിന് ശേഷം കൊല്ലം പള്ളിമുക്കിൽ കമ്പ്യൂട്ടർ പഠനത്തിനിടെയാണ് റംസിയും ഹാരിസും പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിഞ്ഞെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവച്ചു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നായിരുന്നു ധാരണ. ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു.
ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം.റംസിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിൽ സീരിയൽ നടിയ്ക്കും ഹാരിസിന്റെ മാതാവിനും പങ്കുണ്ടെന്നാണ് റംസിയുടെ കുടുംബത്തിന്റെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് റംസിയുടെ കുടുംബം. അതേസമയം
ഹാരിസിന്റെ അമ്മയും ബന്ധുവുമായ സീരിയൽ നടിയും കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.