pic

കൊച്ചി: വൈപ്പിനിൽ യുവാവിനെ നടുറോഡിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിലായി. അയ്യൻപള്ളി കൈപ്പൻ വീട്ടിൽ അമ്പാടിയും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവ് (25)​ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ കുടിപ്പകയാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് കരുതിയിരുന്നതെങ്കിലും കാമുകിയെ ചൊല്ലിയുണ്ടായ ത‌ർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് കുഴിപ്പള്ളി ബീച്ച് റോഡിൽ പ്രണവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മർദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.

തുടർന്ന് മുനമ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പാടിയെ പിടികൂടിയത്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.

മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റുകളും കണ്ടെത്തിയിരുന്നു. ഗുണ്ടാ സംഘത്തിൽപ്പെട്ട പ്രതികളുടെ മുൻകാല ചരിത്രവും കേസുകളും പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി പ്രദേശത്തെ സിസി ടിവി കാമറ ദൃശ്യങ്ങളും സംശയിക്കുന്നവരുടെ ഫോൺകോൾ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. മുനമ്പം സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.