coccain

തിരുവനന്തപുരം: ബാലരാമപുരത്ത് 203 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിലായ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശി ജോമിത് (38), വഞ്ചിയൂർ സ്വദേശി സുരേഷ്‌കുമാർ(32) എന്നിവരെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. എക്സൈസ് വാഹനത്തിൽ കാറിടിച്ചശേഷം രക്ഷപ്പെടുന്നതിനിടെ ബാലരാമപുരത്ത് പൊലീസ് പിടിയിലായ വിപിൻരാജിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് എക്‌സൈസ് അറിയിച്ചു. രക്ഷപ്പെട്ട ലിബിനുവേണ്ടി തെരച്ചിൽ ശക്തമാക്കി. രണ്ട് കാറിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം ബാലരാമപുരത്ത് വച്ച് പിന്തുടർന്ന് പിടികൂടിയത്. ബലപ്രയോഗത്തിലൂടെയാണ് ജോമിറ്റിനെയും സുരേഷ്കുമാറിനെയും പിടികൂടിയത്. രണ്ടു പേർ ഓടിരക്ഷപെട്ടെങ്കിലും വിപിൻ രാജിനെ പിന്നീട് പൊലീസ് പിടികൂടി.

രണ്ട് കാറിലായി 203 കിലോ കഞ്ചാവാണുണ്ടായിരുന്നത്. ആന്ധ്രയിൽ നിന്ന് വാങ്ങി ബംഗളൂരുവിലെത്തിച്ച ശേഷമാണ് ഇവിടേക്ക് കൊണ്ടുവന്നത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള മലയാളികളുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് എക്സൈസിന്റെ നിഗമനം. തിരുവനന്തപുരത്ത് മുട്ടട സ്വദേശിക്ക് കൈമാറാനായിരുന്നു നിർദേശം. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ആറ്റിങ്ങലിൽ അഞ്ഞൂറ് കിലോ കഞ്ചാവുമായി പിടികൂടിയ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അന്വേഷിക്കുന്നുണ്ട്.