chavara

കൊല്ലം: ചവറയിൽ ഉപതിരഞ്ഞെടുപ്പ് ഉടനെത്തും എന്ന പ്രതീതിയിൽ മുന്നണികളെല്ലാം ആയുധപ്പുരയിൽ പുത്തൻ ആശയങ്ങളും വിഷയങ്ങളും സംഭരിച്ച് കാത്തിരുന്നതാണ്. ഉപതിരഞ്ഞെടുപ്പ് തത്ക്കാലത്തേക്ക് വേണ്ടെന്ന നിലപാടിലേക്ക് ആദ്യം സർക്കാരും പിന്നീട് സർവകക്ഷിയോഗവും എത്തിയെങ്കിലും ചവറയിലെ ആവേശത്തിന് മഴയ്ക്കിടയിലും കുറവില്ല. സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, പ്രളയ തട്ടിപ്പ്, പിൻവാതിൽ നിയമനം, എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ തുടങ്ങി എണ്ണമറ്റ വിഷയങ്ങളുമായാണ് യു.ഡി.എഫ് നിരത്തിലേക്കിറങ്ങുന്നതും നവമാദ്ധ്യമങ്ങളിലേക്ക് കയറുന്നതും. രാഷ്ട്രീയം പറഞ്ഞ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആർ.എസ്.പിയുടെയും കോൺഗ്രസിന്റയും പ്രാദേശിക നേതാക്കളും പ്രവർത്തകരും നന്നായി ശ്രമിക്കുന്നുണ്ട്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് സി.പി.എം. ആദ്യമൊക്കെ സർക്കാർ വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സി.പി.ഐ അധികം മെനക്കെട്ടിരുന്നില്ല. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പെത്തിയതോടെ പ്രതിരോധിച്ചില്ലെങ്കിൽ തങ്ങളെയും ബാധിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ സർക്കാരിനെ പ്രതിരോധിക്കാനും ആർ.എസ്.പിയെ വെല്ലുവിളിക്കാനും സി.പി.എമ്മിനൊപ്പം അവരും ചേരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെയും നിയമസഭാ തിരഞ്ഞെടുപ്പിനെയും മുന്നിൽക്കണ്ട് സംഘടനാ ശേഷി വിപുലീകരിക്കാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി.