തഴവ: കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ 8, 10 വാർഡുകളിൽ കൊവിഡ് സമുഹ വ്യാപനത്തിലേക്ക് കടക്കുന്നതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.കടത്തുർ , മണ്ണടിശ്ശേരി വാർഡുകളിലായി മാത്രം നിലവിൽ എഴുപത് പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇവരിൽ പലരുടേയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കടത്തൂരിൽ ഗൃഹനാഥൻ ഉൾപ്പടെ അഞ്ച് പേർക്കും അയൽവാസികളായ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമീപത്തുള്ള സ്റ്റേഷനറി വ്യാപാരി ഉൾപ്പടെ കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം കണ്ടെത്തിയെങ്കിലും ഇവർ വ്യത്യസ്ഥ ഉറവിടങ്ങളിൽ നിന്നും രോഗബാധയേറ്റവരാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. വ്യത്യസ്ഥ ഉറവിടങ്ങളിൽ നിന്നും നിരവധിപ്പേർ രോഗബാധിതരാകുന്നത് അപകടകരമായ സാഹചര്യമാണെന്നാണ് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.

പ്രദേശത്തെ പൊതു സ്ഥിതി പരിഗണിച്ച് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയെങ്കിലും ഇപ്പോഴും വ്യാപകമായ നിയമ ലംഘനങ്ങളാണ് നടക്കുന്നത്. പ്രദേശത്ത്‌ കർശനമായ സാമുഹ്യ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്.

പ്രദേശവാസികളിൽ ആർക്കെങ്കിലും പനിയുൾപ്പടെ ഏതെങ്കിലും രോഗലക്ഷണമുണ്ടായാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് ഇൻസ്പക്ടർ വി.അനിൽ , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ സൂരജ് എന്നിവർ അറിയിച്ചു.