bridge

 നിർമ്മാണ ടെണ്ടറിന് മന്ത്രിസഭയുടെ അംഗീകാരം

കൊല്ലം: പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ രണ്ടാമത്തെ ഉയർന്ന ടെണ്ടറിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. ഏറ്റവും കുറഞ്ഞ ടെണ്ടറിന് കഴിഞ്ഞ മേയിൽ അനുമതി നൽകിയെങ്കിലും കരാറുകാരൻ പിൻവാങ്ങിയതോടെയാണ് വീണ്ടും രണ്ടാമത്തെ ഉയർന്ന ടെണ്ടർ ഉറപ്പിക്കേണ്ടി വരുന്നത്.

രണ്ട് ദിവസത്തിനകം ടെണ്ടർ അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങും. ഇതിന് പിന്നാലെ നിർവഹണ ഏജൻസിയായ കേരളാ റോഡ് ഫണ്ട് ബോർഡ് കരാർ ലഭിച്ച ചെറിയാൻ ആൻഡ് വർക്കി കമ്പനിക്ക് സെലക്ഷൻ നോട്ടീസ് അയയ്ക്കും. അതിനുശേഷമുള്ള 15 ദിവസത്തിനകം കരാർ ഒപ്പുവയ്ക്കും. 42.52 കോടിയാണ് കരാർ തുക. നിർമ്മാണം ആരംഭിക്കാൻ നിലവിൽ തടസങ്ങളൊന്നുമില്ല. പാലം നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി.

 ഒരു പതിറ്റാണ്ടോളം പഴക്കം

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പാലം നിർമ്മാണത്തിന് ശിലയിട്ടത്. പക്ഷെ പിന്നീടെത്തിയ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടർനടപടികൾ ഉണ്ടായില്ല. എൽ.ഡി.എഫ് സർക്കാർ വീണ്ടും എത്തിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്.

പാലം നിർമ്മാണം ആദ്യം ടെണ്ടർ ചെയ്തെങ്കിലും ഒരു കമ്പനിയാണ് എത്തിയത്. റീ ടെണ്ടറിൽ ഏറ്റവും കുറഞ്ഞ തുക തന്നെ എസ്റ്റിമേറ്റിനേക്കാൾ 12 ശതമാനം അധികമായിരുന്നു. എറണാകുളം ആസ്ഥാനമായുള്ള ഈ കമ്പനിയുടെ 41.22 കോടിയുടെ ടെണ്ടറിന് മന്ത്രിസഭ പ്രത്യേക അനുമതി നൽകിയെങ്കിലും കരാർ ഒപ്പിട്ടില്ല. വീണ്ടും ടെണ്ടർ ചെയ്താൽ കാലതാമസമുള്ളതിനാലാണ് രണ്ടാമത്തെ ഉയർന്ന ടെണ്ടർ അംഗീകരിച്ചത്.

 '' ഏറെക്കാലമായുള്ള സ്വപ്നമാണ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. എത്രയും വേഗം നിർമ്മാണം ആരംഭിക്കാനുള്ള ഇടപെടൽ നടത്തും."

എം. മുകേഷ് എം.എൽ.എ


 നിർമ്മാണ തുക: 42.52 കോടി

 സ്ഥലമേറ്റെടുപ്പിന്: 2.61 കോടി

 പ്രധാന നേട്ടം

കൊല്ലത്ത് നിന്ന് ശാസ്താംകോട്ട, കുന്നത്തൂർ മേഖലയിലേക്കും തിരിച്ചും വേഗത്തിലെത്താം. മൺറോതുരുത്തിന്റെ ടൂറിസം സാദ്ധ്യത കൂടുതൽ വർദ്ധിക്കും