പുനലൂർ:വനം വകുപ്പിലെ താഴ്ന്ന ജീവനക്കാർക്ക് തസ്തിക മാറ്റം വഴി റെയ്ഞ്ച് ഓഫീസറായി ഉദ്യോഗ കയറ്റം നൽകാൻ പി.എസ്.സി നടത്തിയ പ്രാഥമിക പരീക്ഷയിൽ ഒരു മാർക്ക് കട്ട് ഓഫ് നിശ്ചയിച്ച് പ്രധാന പരീക്ഷ നടത്തിയതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം വ്യാപകം. തന്ത്ര പ്രധാനമായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ തസ്തികയിൽ മതിയായ അറിവും കഴിവും ഇല്ലാത്തവർ കടന്ന് കൂടുന്നതാണ് ജീവനക്കാർക്കിടയിൽ പ്രതിഷേധം വ്യാപകമാകാൻ മുഖ്യകാരണം. നിലവിൽ ഉദ്യോഗക്കയറ്രം വഴി റെയ്ഞ്ച് ഓഫീസർ തസ്തികയിൽ 25 ശതമാനം പേർക്കാണ് നിയമനം ലഭിക്കാറുളളത്. ശേഷിക്കുന്ന 75ശതമാനം തസ്തികയിലും പി.എസ്.സി നേരിട്ടാണ് നിയമനം നടത്തി വരുന്നത്.തസ്തിക മാറ്റം വഴി ഒരു മാർക്ക് നേടുന്ന അനർഹരെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറൻമാരായി നിയമിക്കാനുളള പി.എസ്.സിയുടെ നടപടിയെ തുടർന്ന് ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് കൂട്ടായ്മ.
പ്രമോഷൻ സാദ്ധ്യത ഇല്ലാതാവും
വനം വകുപ്പിലെ താഴ്ന്ന ജീവനക്കാരെ തസ്തിക മാറ്റം വഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാരായി നിയമിക്കുമ്പോൾ നിലവിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറർമാരായിട്ടുളളവരിൽ ചുരുക്കം ചിലർക്ക് മാത്രമെ പ്രൊമോഷൻ ലഭിക്കുകയുളളു.ഇത് കാരണം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവരുടെ പ്രമോഷൻ സാദ്ധ്യതയും ഇല്ലാതവുമെന്നാണ് ജീവനക്കാർ പറയുന്നത്. പൊലിസ്, ഫയർഫോഴ്സ്, ജയിൽ തുടങ്ങിയ വകുപ്പുകളിലെ ആദ്യ ഗസ്റ്റ് തസ്തികയിലെ നിയമനം നൂറ് ശതമാനവും പ്രൊമോഷൻ വഴി നിയമനം നടത്തുമ്പോൾ വനം വകുപ്പിൽ ജോലിയിൽ പരിചയവും അറിവും ഉളള ഗസറ്റഡ് തസ്തികയായ റെയ്ഞ്ച് ഓഫീസർ തസ്തികയിലേക്ക് 25 ശതമാനം ജീവനക്കാർക്ക് മാത്രമെ പ്രൊമോഷൻ ലഭിക്കുന്നുളളു.ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രൊമോഷൻ തസ്തികയായഎൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് തസ്തിക മാറ്റം വഴി പ്രൊമോഷൻ ലഭിക്കാൻ കുറഞ്ഞത് 40 ശതമാനം മാർക്കാണ് പി.എസ്.സി.നിഷ്ക്കർഷിച്ചിരിക്കുന്നത്. കട്ട് ഓഫ് മാർക്ക് കുറഞ്ഞത് കാരണം അടുത്തിടെ പി.എസ്.സി. നടത്തിയ ലീഗൽ അസിസ്റ്റ്ന്റ് പരീക്ഷ കേരള ഹൈകോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇത് കണക്കിലെടുത്ത് റെയ്ഞ്ച് ഓഫീസർ തസ്തികയിലേക്ക് താഴ്ന്ന ജീവനക്കാർക്ക് ഒരു മാർക്ക് കട്ട് ഓഫ് നിശ്ചയിച്ചത് ഉയർത്തുകയോ, പി.എസ്.സി നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കുകയോ ചെയ്യണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.