കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 5-ം വാർഡിന്റെ പരിധിയിൽ വരുന്ന പശ്ചിമേശ്വരം ക്ഷേത്രം - തൈക്കൂട്ടത്തിൽ ജംഗ്ഷൻ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യംശക്തം. ടാറിംഗ് ഇളകി വർഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള കാൽനട യാത്ര പോലും ദുഷ്ക്കരമാണ്. സുനാമി ദുരന്തത്തിന്റെ തിക്തഫലങ്ങൾ നേരിട്ട റോഡാണിത്. എന്നിട്ടുപോലും ബന്ധപ്പെട്ട അധികൃതർ റോഡ് നന്നാക്കുന്നതിനുള്ള നടപടികൾ ഒന്നും കൈകൊണ്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
സുനാമി ദുരന്തത്തിൽ തകർന്നു
കാൽ നൂറ്റാണ്ടിന് മുമ്പാണ് നാട്ടുകാർ ഇതു വഴി റോഡ് വെട്ടിയത്. മത്സ്യബന്ധന മേഖല ആയതിനാൽ ഫിഷറീസ് വകുപ്പാണ് ആദ്യമായി റോഡ് ടാർ ചെയ്തത്. ഇതിന് ശേഷം ഒരിക്കൽപ്പോലും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. സുനാമി ദുരന്തത്തിൽ റോഡ് ഭാഗികമായി തകർന്നിരുന്നു. പനക്കട ക്ഷേതത്തിന് സമീപം മുതൽ വടക്കോട്ട് റോഡ് പൂർണമായും തകർന്ന് കിടക്കുന്നു. മഴ സമയങ്ങളിൽ റോഡ് വെള്ളക്കെട്ടായി മാറും. ഇരുചക്ര വാഹനങ്ങൾ വെള്ളക്കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവ് കാഴ്ചയാണ്.
250 ഓളം കുടുംബങ്ങളുടെ ആശ്രയം
ഒന്നര കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ ഇരു വശങ്ങളിലായി 250 ഓളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നവരാണ്. ആഴീക്കൽ - പണിക്കർകടവ് റോഡിൽ ഗതാഗത സ്തംഭനം ഉണ്ടായാൽ വാഹനങ്ങൾ തിരിച്ച് വിടുന്നതും ഈ റോഡിലൂടെയാണ്. റോഡ് സഞ്ചാര യോഗ്യമാകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ഫിഷറീസ് വകുപ്പിനും ത്രിതല പഞ്ചായത്തുകൾക്കും പരാതികൾ നൽകിയെങ്കിലും തുടർ നടപടികൾ ഒന്നും നാളിതു വരെ ഉണ്ടായിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ അലംഭാവത്തിനെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് നാട്ടുകാർ.