udf
യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്‌ടറേറ്റ് ധർണ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം :സ്വർണക്കടത്ത് കേസിൽ അഞ്ച് കേന്ദ്ര ഏജൻസികൾ ഒരുമിച്ച് അന്വേഷിച്ചിട്ടും കുറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ വൈകുന്നതിൽ സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തമ്മിൽ ഒത്തുകളിയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ ആരോപിച്ചു. പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്‌ടറേറ്റ് മാർച്ചും തുടർന്ന് നടന്ന ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖുർആന്റെ മറവിൽ മന്ത്രി ജലീൽ നടത്തിയത് പ്രോട്ടോക്കോൾ ലംഘനമാണ്. പിണറായിയും പാർട്ടിയും ജലീലിനെ വെള്ളപൂശാൻ പെടാപ്പാട് പെടുമ്പോൾ മന്ത്രി തന്നെ ഖുർആന്റെ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് സമ്മതിക്കുന്നു. സംസ്ഥാനത്ത് നടന്ന അഴിമതികൾ സി.ബി.ഐ അന്വേഷിക്കുന്നത് വരെയും സ്വർണക്കടത്ത് കേസിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രിയും ജലീലും രാജിവയ്ക്കുന്നത് വരെയും യു.ഡി.എഫ് സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, ജി. ദേവരാജൻ, എ. ഷാനവാസ്ഖാൻ, പഴകുളം മധു, രാജേന്ദ്രപ്രസാദ്, എം.എം. നസീർ, ജി. പ്രതാപവർമ്മ തമ്പാൻ, എം. അൻസാറുദ്ദീൻ, കെ.എസ്. വേണുഗോപാൽ, രാജേന്ദ്രപ്രസാദ്, കൈപ്പുഴ റാംമോഹൻ, പി.ആർ. പ്രതാപചന്ദ്രൻ, കെ. സുരേഷ് ബാബു, പ്രയാർ ഗോപാലകൃഷ്ണൻ, കല്ലട ഫ്രാൻസിസ്, കുണ്ടറ അലക്‌സ്, സി.എസ്. മോഹൻകുമാർ, ഷാഹിദ് അഹമ്മദ്, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, ബേബിസൺ, പി. ജർമ്മിയാസ്, തൊടിയൂർ രാമചന്ദ്രൻ, ടി.സി. വിജയൻ, ഷാജി, രത്നകുമാർ, കുളക്കട രാജു, ടി.കെ. സുൽഫി, മണലിൽ സുബൈർ എന്നിവർ സംസാരിച്ചു.