തിരുവനന്തപുരം: ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾക്ക് കൊവിഡ് കാലത്തും കുറവില്ല. എ.ടി.എം, ലക്കിഡിപ്പ്, സമ്മാനതട്ടിപ്പുകളെ പഴങ്കഥയാക്കി മിലിട്ടറി വാഹനങ്ങളുടെ പേരിൽ വീണ്ടും തട്ടിപ്പ് സജീവമായി. പട്ടാളക്കാരൻ ഉപയോഗിച്ച ബുള്ളറ്റ്, സ്കൂട്ടർ, ഗുഡ് റണ്ണിംഗ് കണ്ടിഷൻ, തുച്ഛമായ വില, വാഹനം എത്തിക്കുമ്പോൾ പണം തന്നാൽ മതി.. വാങ്ങൽ- വിൽപ്പന സൈറ്രായ ഒ.എൽ.എക്സിൽ പരസ്യം പ്രത്യക്ഷപ്പെട്ടപ്പോൾ പ്രതികരിച്ച പലർക്കും നഷ്ടമായത് പതിനായിരങ്ങൾ. തട്ടിപ്പിനിരയായവരുടെ പരാതിയിൽ പൊറുതിമുട്ടിയ കൊല്ലം റൂറൽ പൊലീസ് ഒടുവിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇതിനെതിരെ ബോധവത്കരണം നടത്തുകയാണ് ഇപ്പോൾ.
മിലിട്ടറി ജീവനക്കാർ ഉപയോഗിച്ചതെന്ന വ്യാജേന വാഹനങ്ങളുടെ ഫോട്ടോയും ഫോൺനമ്പരും പ്രദർശിപ്പിച്ചാണ് തട്ടിപ്പ്. വില കേട്ടലും ആരും മോഹിച്ചുപോകും. ഒന്നരലക്ഷം രൂപ വിലവരുന്ന ബുള്ളറ്റിന് കഷ്ടിച്ച് അരലക്ഷത്തിൽ താഴെ. കണ്ടവർ പരസ്യത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചു. വാഹനം അയച്ചുതരാൻ ചെറിയ ചെലവുണ്ട്- 3,000 മുതൽ 5,000 രൂപാ വരെ. അതൊന്ന് അക്കൗണ്ടിലേക്ക് ഇട്ടുതന്നാൽ വാഹനം അങ്ങെത്തിക്കും. അതുകഴിഞ്ഞാൽ രൊക്കം കാശ് തരണം. നിബന്ധന സമ്മതിച്ച് 5,000 രൂപാവരെ പലരും അയച്ചുകൊടുത്തു. ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു അനക്കവുമില്ല. തുടർന്ന് പരസ്യത്തിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അത് ബ്ളോക്കായെന്ന സന്ദേശം. ഒടുവിൽ സംഗതിയുടെ പൂച്ച് പുറത്തായി. ഒരേ വണ്ടികൾ കാട്ടിയുള്ള തട്ടിപ്പ്. പരാതി ഏറിയപ്പോൾ പൊലീസ് അന്വേഷണം തുടങ്ങി. ഇപ്പോൾ തട്ടിപ്പ് വിരുതന്മാരെ തപ്പി നടക്കുകയാണ് പൊലീസ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡസൻകണക്കിന്പേർക്കാണ് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടത്. ചെറിയ തുകയായതിനാൽ പരാതിപ്പെടാൻ പലരും തയ്യാറാകാത്തത് തട്ടിപ്പുകാർക്ക് എളുപ്പവുമായി.
ആദ്യം ബുള്ളറ്റ്, പിന്നാലെ സ്കൂട്ടർ
ബുള്ളറ്റിന്റെ ചിത്രമായിരുന്നു അടുത്തകാലംവരെ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. മിലിട്ടറി യൂണിഫോമിനോട് സാദൃശ്യമുള്ള പെയിന്റോടുകൂടിയ ബുള്ളറ്റ് കേവലം 40,000 രൂപയ്ക്ക് സ്വന്തമാക്കാമെന്നായിരുന്നു പരസ്യം. ഗുഡ് റണ്ണിംഗ് കണ്ടീഷനുള്ള വാഹനം മിലിട്ടറി ഉദ്യോഗസ്ഥന്റേതാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഉദ്യോഗസ്ഥന് സ്ഥലം മാറ്രമായതിനാൽ വാഹനം വിൽക്കുന്നുവെന്നാണ് അറിയിപ്പ്. മദ്ധ്യ കേരളത്തിലും മലബാറിലുമായിരുന്നു തട്ടിപ്പിന്റെ തുടക്കമെങ്കിൽ ഇപ്പോൾ തെക്കൻകേരളമാണ് തട്ടിപ്പിന്റെ കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് പതിനാറുപേർ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡ്, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളികളുൾപ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചു. ബുള്ളറ്റിനൊപ്പം ആക്ടീവ സ്കൂട്ടർ, ജിപ്സി വാൻ, കമാൻഡർ ജീപ്പ് എന്നിവയുടെ പരസ്യങ്ങളും പലയിടത്തും പ്രത്യക്ഷപ്പെട്ടു. ചിറ്റൂർ ടൗൺ, കൊളപ്പുറം, അമരാവതി, കണ്ണങ്കോട് എന്നിവിടങ്ങളിൽ നിന്നെന്ന് പറഞ്ഞ് 41,000, 45,000, 45,500, 47,000 വിലകൾക്കാണ് സ്കൂട്ടർ ഒ.എൽ.എക്സിൽ വിൽപ്പനയ്ക്ക് വച്ചത്. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. വാഹന വിൽപ്പനയ്ക്ക് പരസ്യം നൽകുന്ന യഥാർത്ഥ വാഹന ഉടമകളെ ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ട് ആർ.സി ബുക്കുൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടശേഷം അത് ഒ.എൽ.എക്സിൽ തങ്ങളുടെതെന്ന പേരിൽ പരസ്യപ്പെടുത്തിയും തട്ടിപ്പ് നടത്തുന്നുണ്ടത്രേ. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം.
''
തട്ടിപ്പിനിരയായവരുടെ പരാതികളിൽ വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാരെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നത്. വാഹനവും അതിന്റെ രേഖകളും നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെടാതെ ഇത്തരം ഇടപാടുകൾക്ക് മുതിരാതിരിക്കുക എന്നത് മാത്രമാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം.
- മനോജ് എബ്രഹാം, എ.ഡി.ജി.പി