lelam

 പരസ്യ ലേലം വിളി വീണ്ടും സജീവം

കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് മാന്യമായ വരുമാനം ഉറപ്പാക്കുന്ന ഹാർബറുകളിലെ 'കൊല്ലം മോഡൽ' മത്സ്യവില്പന ലേലക്കാർ അട്ടിമറിക്കുന്നു. ശക്തികുളങ്ങര ഹാർബറിൽ കയറ്റുമതി ഇനത്തിലുള്ള മത്സ്യങ്ങളുടെ പേരിൽ നേരത്തേ തന്നെ ലേലം നടക്കുന്നുണ്ട്. ഇപ്പോൾ കൊല്ലം തീരത്തും പരസ്യമായി ലേലംവിളി തുടങ്ങിയിരിക്കുകയാണ്.

മത്സ്യലഭ്യത ഉയരുമ്പോൾ വൈകിയെത്തുന്ന വള്ളങ്ങളിലെ മത്സ്യത്തിന് മുമ്പ് കാര്യമായ വില ലഭിക്കാറില്ലായിരുന്നു. രാത്രി ലേലം വിളി തുടങ്ങുമ്പോഴുള്ളതിന്റെ നാലിലൊന്നായി പുലർച്ചെ മത്സ്യവില ഇടിയും. ഇതോടെ വള്ളക്കാർക്ക് മണ്ണെണ്ണയ്ക്കുള്ള തുക പോലും കിട്ടാത്ത അവസ്ഥ വരും. കമ്മിഷൻ ഏജന്റുമാർ അവരുടെ ത്രാസിൽ അന്നും തൂക്കിയാണ് മത്സ്യം വാങ്ങിയിരുന്നത്. ഈ ത്രാസുകളെക്കുറിച്ചും പിന്നീട് പരാതി ഉയർന്നു. ഇത്തരം പരാതികൾക്ക് പരിഹാരം കാണുന്നതിനും കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനുമായാണ് ലേലം ഒഴിവാക്കി നേരത്തേ നിശ്ചയിക്കുന്ന അടിസ്ഥാന വിലയ്ക്ക് മത്സ്യവില്പന നടത്തുന്ന സമ്പ്രദായം സർക്കാർ നടപ്പാക്കിയത്. ഇതോടെ വള്ളക്കാർക്ക് മുൻകാലങ്ങളേക്കാൾ വരുമാനവും ലഭിച്ച് തുടങ്ങിയിരുന്നു.

 ലേലക്കാരുടെ തട്ടിപ്പ്

ലേലക്കാരും വൻതോതിൽ മത്സ്യം വാങ്ങുന്ന കമ്മിഷൻ ഏജന്റുമാരും തമ്മിൽ രഹസ്യബന്ധമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഏജന്റുമാരെത്തുമ്പോൾ ലേലക്കാർ വില ബോധപൂർവം ഇടിക്കും. ഇതിന് പ്രത്യേകം കമ്മിഷൻ ലേലക്കാർക്ക് ലഭിക്കും. ലേലം ഒഴിവായതോടെയാണ് ഈ തട്ടിപ്പിന് അറുതിയായത്.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് ആദ്യം തന്നെ പുതിയ സമ്പ്രദായം പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവ് വന്നതോടെ ലേലക്കാർ വീണ്ടും ഹാർബറുകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മത്സ്യം തൂക്കി തന്നെയാണ് വിൽക്കുന്നതെങ്കിൽപ്പോലും വില ലേലക്കാരാണ് നിശ്ചയിക്കുന്നത്. വില വിളിക്കുന്നതിന് പകരം കൂടുതൽ തരാൻ ആളുണ്ടോയെന്നാണ് ഇപ്പോഴത്തെ ചോദ്യം.

ശക്തികുളങ്ങരയിലെ പല ബോട്ടുകളിലും മത്സ്യത്തൊഴിലാളികൾക്കും ലേലക്കാർക്കും ഷെയറുണ്ട്. ഈ അധികാരം കൂടി ഉപയോഗിച്ചാണ് ലേലം വിളി. ഹാർബറുകളിലെ നിയന്ത്രണങ്ങൾ അയഞ്ഞതും പുതിയ സമ്പ്രദായത്തിന് തിരിച്ചടിയാകുന്നു. ഹാർബറുകളിൽ വൻതോതിൽ കച്ചവടക്കാരും തടിച്ചുകൂടുന്നുണ്ട്.


 മാതൃകയാണ് കൊല്ലം മോഡൽ

ലോക്ക്ഡൗൺ കാലത്ത് കൊല്ലം തീരത്തെ അഞ്ച് മത്സ്യഗ്രാമങ്ങളിൽ നടപ്പാക്കിയ സാമൂഹ്യ അകലം പാലിച്ചുള്ള മത്സ്യക്കച്ചവട രീതി ഇപ്പോൾ 'കൊല്ലം മോഡൽ' എന്നാണ് സംസ്ഥാനം മുഴുവൻ അറിയപ്പെടുന്നത്. ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കലോ നിശ്ചിത ഇടവേളകളിലോ ഓരോ ഇനം മത്സ്യത്തിന്റെയും വില നിശ്ചയിക്കും. ഈ വിലയ്ക്ക് മത്സ്യം തൂക്കി വിൽക്കും. ഏപ്രിൽ മൂന്നിന് രാത്രി കൊല്ലത്ത് നിന്ന് പോയ വള്ളങ്ങൾ കൊണ്ടുവന്ന മത്സ്യമാണ് ഈ രീതിയിൽ ആദ്യമായി വിറ്റത്. ഈ രീതി പിന്നീട് എല്ലാ ഹാർബറുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

കൊല്ലം തീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലേലം വിളി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നടപടിയെടുത്തിട്ടുണ്ട്.

കെ. സുഹൈർ (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ)