photo
സജീവ്

കൊല്ലം: സാധനം വാങ്ങുന്നതിനായി കടയിലേക്ക് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തടഞ്ഞു നിർത്തി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ വയക്കൽ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. വാളകം വയയ്ക്കൽ കുന്നത്ത് പുത്തൻ വീട്ടിൽ സജീവിനെയാണ്(42) അറസ്റ്റ് ചെയ്തത്. 20ന് രാവിലെ പത്തരയോടെ കമ്പംകോടിനടുത്ത് വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ കടയിലേക്ക് പോയ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടികളുടെ പുറത്ത് ചിലന്തിവല പറ്റിയിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് അവരെ അടുത്തേക്ക് വിളിച്ചു വരുത്തി പീഡനത്തിന് വിധേയമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ കിലോമീറ്ററോളം പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെ പ്രതി പൊലീസ് സംഘത്തിലെ അംഗങ്ങളെ കടിച്ചു മുറിവേൽപ്പിച്ചു. ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ അനിൽകുമാർ ശിവശങ്കരപ്പിള്ള, സജി ജോൺ, രാധാകൃഷ്ണപിള്ള, അജയകുമാർ, ആഷിർ കോഹൂർ, ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി കൊട്ടാരക്കര പൊലീസിന് കൈമാറിയത്.