gst

 വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് മോഡൽ പരിശോധനയ്ക്ക് നിർദ്ദേശം

കൊല്ലം: എല്ലാം 'ഓക്കേ' ആണെങ്കിലും വെറുതേ നൂറുരൂപ പെറ്റിയടിക്കുന്ന പൊലീസ് മോഡൽ പരിശോധന വ്യാപാര സ്ഥാപനങ്ങളിലും നടപ്പാക്കാൻ ജി.എസ്.ടി വകുപ്പിന് സർക്കാരിന്റെ നിർദ്ദേശം. പൊലീസിനെ പോലെ നൂറ് രൂപയാകില്ല കുറഞ്ഞ പിഴ. കൊവിഡിൽ പെട്ട് നട്ടംതിരിയുന്ന വ്യാപാരികൾ വളരെ ചെറിയ പോരായ്മകൾക്ക് പോലും കുറഞ്ഞത് ഇരുപതിനായിരം രൂപയെങ്കിലും പിഴ നൽകേണ്ടി വരും. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ നിലവിൽ ഇതുവരെ ജില്ലാ അടിസ്ഥാനത്തിലാണ് ജി.എസ്.ടി സ്ക്വാഡ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ താലൂക്ക് അടിസ്ഥാനത്തിലാണ് സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി ബില്ലുകളും കണക്കുകളും പരിശോധിക്കാനാണ് നിർദ്ദേശം. ഇത്തവണ വ്യാപാരികളുടെ ഓണക്കച്ചവടവും പൊളിഞ്ഞു. ഓണം കഴിയുമ്പോൾ എല്ലാവർഷവും കച്ചവട മാന്ദ്യമുണ്ടാകാറുണ്ട്. ഇത്തവണ കൊവിഡ് കൂടിയുള്ളതിനാൽ പല സ്ഥാപനങ്ങളും വാടകക്കാശ് കൊടുക്കാനുള്ള തുക പോലുമില്ലാതെ പരുങ്ങുമ്പോഴാണ് പിഴ ചുമത്തിയേ മടങ്ങൂ എന്ന ലക്ഷ്യത്തോടെ പരിശോധനാ സംഘങ്ങൾ എത്തുന്നത്. ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പീഡനം കാരണം നേരത്തേ വ്യാപാരികളിൽ പലരും ആത്മഹത്യ ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇനി സർക്കാരിന്റെ സമ്മർദ്ദം കൂടിയാകുമ്പോൾ എന്താകും അവസ്ഥ എന്ന ആശങ്കയിലാണ് വ്യാപാരികൾ.

വ്യാപാര മേഖലയെ പൂർണമായും നശിപ്പിക്കുന്ന തുഗ്ലക്ക് നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. വ്യാപാരികളുടെ കഴുത്ത് ഞെരിച്ച് ഖജനാവ് നിറയ്ക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം"

എസ്. ദേവരാജൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് )

ലക്ഷ്യം നികുതി വരുമാനം വർദ്ധിപ്പിക്കൽ

ഒരു ദിവസം എത്ര വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി, എത്ര രൂപ പിഴ ചുമത്തി എന്നിവ സഹിതം വിശദമായ റിപ്പോർട്ട് അതത് ദിവസം തന്നെ സമർപ്പിക്കണം. പരിശോധിക്കേണ്ട കാര്യങ്ങളും സ്ഥാപനത്തിന്റെ വിവരങ്ങളും രജിസ്ട്രേഷൻ നമ്പരും സഹിതം രേഖപ്പെടുത്താൻ പ്രത്യേകം ചോദ്യാവലിയും നൽകിയിട്ടുണ്ട്. നികുതി വരുമാനം വർദ്ധിപ്പിക്കുകയാണ് സ്ക്വാഡിന്റെ പ്രധാന ലക്ഷ്യം. കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തുമ്പോൾ ക്രമക്കേട് കണ്ടെത്തിയില്ലെങ്കിൽ അത് സ്ക്വാഡിന്റെ ഉഴപ്പായി കണക്കാക്കും. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ ചെറിയ പോരായ്മകൾ പോലും കുത്തിപ്പൊക്കി പിഴ ചുമത്താനാണ് സാദ്ധ്യത.

നോട്ട് നിരോധനം,​ ജി.എസ്.ടി,​ പ്രളയം

വ്യാപാരികൾക്ക് ശനിദശ

നോട്ട് നിരോധനം വന്നത് മുതൽ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. അതിനിടയിലാണ് ജി.എസ്.ടി നിലവിൽ വന്ന് പ്രതിസന്ധി ഇരട്ടിച്ചത്. രണ്ട് പ്രളയങ്ങൾ കൂടി വന്നതോടെ നടുനിവർക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി വ്യാപാരികൾ. പല വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുമ്പോഴാണ് ഇടിത്തീയായി കൊവിഡ് വ്യാപിച്ചത്. ലോക്ക്ഡൗൺ കാലത്ത് കടകളെല്ലാം ഒന്നരമാസത്തിലേറെ തുടർച്ചയായി അടഞ്ഞുകിടന്നു. കണ്ടെയ്ൻമെന്റ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങൾ വീണ്ടും ഇടയ്ക്കിടെ അടയ്ക്കുന്നുണ്ട്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ആളുകൾ കാര്യമായി വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നുമില്ല.