bjp
യുവമോർച്ചയുടെ കളക്ടറേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്യുന്നു

 നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച്

കൊല്ലം: കഴിഞ്ഞ ദിവസം യുവമോർച്ച നടത്തിയ കളക്ടറേറ്റ് വളയൽ സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കൊല്ലം സിറ്റി പൊലീസ് കമ്മിഷണ‌ർ ഓഫീസിലേക്ക് മാർച്ച് നടത്തി. കൊല്ലം, ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കള്ളക്കടത്തിനും തീവ്രവാദ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും എതിരെ സമരം ചെയ്യുന്ന ബി.ജെ.പി, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നരനായാട്ട് നടത്തുന്നെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം സമരം ചെയ്ത യുവമോർച്ച പ്രവർത്തകരുടെ ശരീരത്തിലേക്കാണ് പൊലീസ് ഗ്രനേഡ് എറിഞ്ഞത്. മഹിളാമോർച്ച പ്രവർത്തകരെ പോലും മണിക്കൂറുകളോളം ജലപീരങ്കി ഉപയോഗിച്ച് മാരകമായിട്ടാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ ,വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, കൊല്ലം മണ്ഡലം പ്രസിഡന്റ് സാംരാജ്, ജനറൽ സെക്രട്ടറി ദേവദാസ് എന്നിവർ സംസാരിച്ചു.