കൊല്ലം: കൊവിഡ് താണ്ഡവത്തിൽ കൊല്ലം വിറയ്ക്കുന്നു. ഇന്നലെ 503 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒരു ദിനത്തിൽ അഞ്ഞൂറ് രോഗികളാകുന്നത്. പോസിറ്റീവ് കണക്കുകൾ വലിയ തോതിൽ കൂടുന്നതിനാൽ ഭീതി ഏറിവരികയാണ്. വരും ദിവസങ്ങളിലും കൊവിഡ് കണക്ക് കുത്തനെ ഉയരാനാണ് സാദ്ധ്യത. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്ത് നിന്നും മൂന്നുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 498 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞമാസം 22ന് മരിച്ച ആയൂർ സ്വദേശി രാജേഷ് (37), ഈമാസം 8ന് മരിച്ച തട്ടാമല സ്വദേശിനി സുൽഫത്ത്(57), 20ന് മരിച്ച പൂയപ്പള്ളി സ്വദേശിനി സൂസമ്മ രാജു(62),കൊട്ടാരക്കര സ്വദേശി കൗസല്യ(85) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ 152 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3436 ആയി. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10045 ആയി. ഇതിൽ 6567 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ 2955 പേരാണ് കൊവിഡ് ബാധിതരായത്. അതിന് മുൻപുള്ള 10 ദിവസത്തിൽ 2166 പേർക്കായിരുന്നു രോഗം ബാധിച്ചത്. രോഗവ്യാപന നിരക്കിൽ വൻ വർദ്ധനവുണ്ടാകുന്നെന്ന സൂചനയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ നൽകുന്നത്. ആലപ്പാട് ഒമ്പതാം വാർഡ്, അഴീക്കൽ, കുഴിത്തുറ, ഈസ്റ്റ് കല്ലട ഉപ്പൂട്, കുലശേഖരപുരം ആദിനാട്, കൊല്ലം കന്റോൺമെന്റ് സൗത്ത്, തങ്കശ്ശേരി, തൃക്കടവൂർ കുരീപ്പുഴ, പുന്തലത്താഴം, ശക്തികുളങ്ങര, ചവറ പുതുക്കാട്, തൃക്കരുവ കാഞ്ഞാവെളി, പ്രാക്കുളം, മണലിക്കട, തൃക്കോവിൽവട്ടം മൈലാപ്പൂര്, തൊടിയൂർ കല്ലേലിഭാഗം, നീണ്ടകര, പവിത്രേശ്വരം കൈതക്കോട്, മൈനാഗപ്പള്ളി, വെളിനെല്ലൂർ കാളവയൽ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ആകെ കൊവിഡ് ബാധിതർ: 10045
രോഗമുക്തർ: 6567
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ: 184
ജില്ലാ ആശുപത്രിയിൽ: 215
ഐ.സി.യുവിൽ: 21
വെന്റിലേറ്ററിൽ: 5