km-abhijith

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് കൊവിഡ് പരിശോധനയ്ക്ക് വ്യാജപേരും വിലാസവും നൽകിയെന്ന പരാതിയിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായരുടെ പരാതിയിലാണ് അന്വേഷണം.വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തച്ചപ്പള്ളി എൽ.പി സ്കൂളിൽ നടന്ന പരിശോധനാക്യാമ്പിലായിരുന്നു സംഭവം. പോത്തൻകോട് പഞ്ചായത്തിൽ ഇന്നലെ പരിശോധന നടത്തിയ 48 പേരിൽ 19 പേർ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിൽ പ്ലാമൂട്ടിൽ വാർഡിൽ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ അന്വേഷിച്ചെത്തിയ ആരോഗ്യപ്രവർത്തകർക്ക് രണ്ടുപേരെയെ കണ്ടെത്താൻ കഴിഞ്ഞുള്ളൂ.ഒരാളുടെ പേരും വിലാസവും വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ആരോഗ്യ പ്രവർത്തകർ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്.ഇതേ തുടർന്നാണ് വേണുഗോപാലൻ നായർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊവിഡ് പരിശോധനയിൽ ആൾമാറാട്ടത്തിന് ശ്രമിച്ചുവെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയോടെ സംഭവം വിവാദമായപ്പോൾ കെ.എം അഭിജിത്ത് ഇക്കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നും വിമർശനമുണ്ട്.

തന്റെ സുഹൃത്തും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ ബാഹുൽകൃഷ്ണയാണ് കെ.എം അബിയെന്ന പേരിൽ കൊവിഡ് പരിശോധനയ്ക്ക് പേര് രജിസ്റ്റർ ചെയ്തതെന്നും പൂർണമായ പേര് വിവരങ്ങൾ നൽകാതിരുന്നതിന് ബാഹുലിനെ ശകാരിച്ചതായിട്ടുമായിരുന്നു പോത്തൻകോട്ടെ മറ്റൊരുവീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന കെ.എം അഭിജിത്ത് ഇന്നലെ ഫേസ് ബുക്കിൽ പോസ്റ്ര് ചെയ്തത്. എന്നാൽ ആരോഗ്യപ്രവർത്തകർക്കുണ്ടായ മിസ്റ്റേക്കാണിതെന്നായിരുന്നു ബാഹുലിന്റെ വിശദീകരണം.കോഴിക്കോട് സ്വദേശിയായ അഭിജിത്ത് തന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അഭിജിത്തിനെ അടുത്ത സുഹൃത്തുക്കൾ അബിയെന്നാണ് വിളിക്കാറുള്ളത്. ഇത്തരത്തിൽ ആരോഗ്യപ്രവർത്തകർ പേര് തെറ്റായി രേഖപ്പെടുത്തിയതാകാമെന്നാണ് ബാഹുലിന്റെ വെളിപ്പെടുത്തൽ.തെറ്റായ പേര് നൽകിയ കാര്യത്തിൽ അഭിജിത്തിന്റെയും ബാഹുലിന്റെയും വ്യത്യസ്ത പ്രതികരണങ്ങൾ സംശയാസ്പദമാണെന്നും വിശദമായ അന്വേഷണത്തിനുശേഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഇക്കാര്യത്തിൽ പോത്തൻകോട് പൊലീസ് നൽകുന്ന വിശദീകരണം.