എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് നിയമനം ലഭിച്ചവർ ആയിരത്തിന് താഴെ
കൊല്ലം: ജില്ലയിൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത് മുന്നേമുക്കാൽ ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം ജില്ലയിൽ ജോലി ലഭിച്ചത് ആയിരത്തിൽ താഴെ പേർക്ക് മാത്രമാണ്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുമെന്നും നിയമന നടപടികൾ ത്വരിതപ്പെടുത്തുമെന്ന മുന്നണികളുടെ കാലങ്ങളായുള്ള വാഗ്ദാനത്തിന്റെ പൊള്ളത്തരത്തിലേക്കാണ് കണക്കുകൾ വിരൽചൂണ്ടുന്നത്.
പി.എസ്.സി റാങ്ക് ലിസ്റ്റില്ലാത്ത വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം താത്കാലിക നിയമനം നടത്തുന്നത്. വിവിധ വകുപ്പുകളിലെ ഒഴിവുകൾ യഥാസമയം പി.എസ്.സിക്കോ ജില്ലാ എംപ്ളോയ്മെന്റ് ഓഫീസുകളിലേക്കോ വകുപ്പ് മേധാവികൾ റിപ്പോർട്ട് ചെയ്യാത്തത് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളെ അട്ടിമറിക്കുകയാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും അത്യാവശ്യഘട്ടങ്ങളിലുള്ള പുറംവാതിൽ നിയമനങ്ങളും കരാർ നിയമനങ്ങളും ഉൾപ്പെടെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ പ്രതിക്ഷകളെ തകിടംമറിക്കുകയാണ്.
ഒഴിവുകൾ നിരവധി
എല്ലാ സർക്കാർ ഓഫീസുകളിലും ചുരുങ്ങിയത് സുപ്രധാനമായതും അല്ലാത്തതുമായ രണ്ടോ അതിലേറെയോ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് കണക്ക്. സ്ഥാനക്കയറ്റത്തെയും വിരമിക്കലിനെയും തുടർന്ന് വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഈ തസ്തികകളിലൊന്നും സ്ഥിരമോ താത്കാലികമോ ആയ നിയമനം നടക്കുന്നില്ല.
സർക്കാർ ഓഫീസുകളിലെ വാഹനങ്ങളിൽ മിക്കതും കരാറടിസ്ഥാനത്തിലായതോടെ ഡ്രൈവർ തസ്തികയിലേക്ക് രജിസ്റ്റർ ചെയ്തവർക്കൊന്നും അവസരമില്ല. കൊവിഡിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയിലും ഡ്രൈവർ തസ്തികയിൽ നിയമനം നടക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂവകുപ്പ്, സിവിൽ സപ്ളൈസ്, വാട്ടർ അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ പലതിലും അറ്റൻഡർ, സ്വീപ്പർ, പാർട്ട്ടൈം സ്വീപ്പർ, പ്യൂൺ തുടങ്ങി നിരവധി ഒഴിവുകളുണ്ട്.
എംപ്ളോയബിലിറ്റി സെന്ററിലൂടെ 7000 പേർക്ക് നിയമനം
സ്വകാര്യ സ്ഥാപനങ്ങളിൽ അർഹരായവർക്ക് ജോലി ഉറപ്പാക്കുന്നതിനായി ജില്ലാതലത്തിൽ എംപ്ളോയബിലിറ്റി സെന്റർ ആരംഭിച്ചെങ്കിലും കൊവിഡ് വ്യാപനത്തോടെ നിയമനങ്ങൾ നിലച്ചു. അഭ്യസ്തവിദ്യരായ 16,000 പേരാണ് 2013ൽ കൊല്ലത്ത് ആരംഭിച്ച ജില്ലാ എംപ്ളോയബിലിറ്രി സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനകം ഇതിൽ ഏഴായിരം പേർക്ക് നിയമനം ലഭിച്ചു.
ഭിന്നശേഷിക്കാർക്കായി സെപ്ഷ്യൽ എക്സ്ചേഞ്ച്
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും നിയമനങ്ങളിൽ പ്രാതിനിധ്യം നൽകുന്നതിനായി പ്രത്യേക എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ചിട്ടുണ്ടെങ്കിലും അവിടെയും നിയമനത്തിന്റെ കാര്യം തഥൈവയാണ്. ഇത്തരക്കാർക്കായി സംവരണം ചെയ്തിരുന്ന മൂന്ന് ശതമാനം ഒഴിവുകൾ നാലായി ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല.
എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകൾ- 7
ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ എക്സ്ചേഞ്ച് -1
തൊഴിലില്ലാതെ രജിസ്റ്റർ ചെയ്തവർ- 3,75,893