ration
ration

കരുനാഗപ്പള്ളി: കൊവിഡിന്റെ സാമൂഹ്യ വ്യാപനം കരുനാഗപ്പള്ളി താലൂക്കിലെ റേഷൻ വിതരണത്തെ പോലും പ്രതികൂലമായി ബാധിച്ചു. റേഷൻ സാധനങ്ങൾ യഥാസമയം റേഷൻ കടകളിൽ എത്തിക്കാൻ കഴിയാത്തതിനാൽ റേഷൻ വിതരണം തന്നെ താറുമാറായി. സെപ്തംബർ‌ മാസം അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ കരുനാഗപ്പള്ളിയിലെ റേഷൻ കടകളിൽ റേഷൻ സാധനങ്ങൾ എത്തിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എല്ലാ മാസവും ആദ്യത്തെ ആഴ്ചക്ക് മുമ്പായി തന്നെ റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുമായിരുന്നു. നിലവിൽ റേഷൻ സാധനങ്ങൾ ലഭിക്കാത്തതിനാൽ വാങ്ങാനെത്തുന്നവരും റേഷൻ വ്യാപാരികളും തമ്മിൽ ഇപ്പോൾ സംഘർഷത്തിന്റെ വക്കിലാണ്.

കൊവിഡിനെ തുടർന്ന് ബഹുഭൂരിപക്ഷം ആളുകളും റേഷനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. റേഷൻ കിട്ടാതായതൊടെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. പാെതു കമ്പോളങ്ങളിൽ പോയി സാധനങ്ങൾ വാങ്ങാൻ സാധാരണക്കാരുടെ പക്കൽ പണമില്ലാത്തതാണ് ഇതിന് കാരണം.

ഗോഡൗണിലെ തൊഴിലാളികൾക്ക് കൊവിഡ്

കരുനാഗപ്പള്ളിയിൽ റേഷൻ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് വെയർഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണിലാണ്. ഗോഡൗണിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഗോഡൗൺ രണ്ട് ആഴ്ചയോളം അടച്ചിടേണ്ടി വന്നു. ഇതാണ് റേഷൻ വിതരണം മുടങ്ങാൻ കാരണം. സാമൂഹ്യ വ്യാപനത്തിൽ നിന്നും എല്ലാവരും മോചിതരായിട്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞു. ഇപ്പോൾ റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ.

252 റേഷൻ കടകൾ................2000 ടൺ റേഷൻ

കരുനാഗപ്പള്ളി താലൂക്കിൽ 252 റേഷൻ കടകളാണ് ഉള്ളത്. പ്രതിമാസം 2000 ടൺ ( 10 ടൺ വെച്ചുള്ള 200 ലോഡ്) റേഷൻ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. സിവിൽ സപ്ലൈയിസിന്റെ ഗോഡൗണിൽ നിന്നും സാധനങ്ങൾ തൂക്കി തിട്ടപ്പെടുത്തി വേണം റേഷൻ കടകളിൽ എത്തിക്കാൻ. യുദ്ധകാലാടിസ്ഥാനത്തിൽ ജോലി ചെയ്താൽ പോലും ഈ മാസം അവസാനത്തോടെ മാത്രമേ എല്ലാ റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കാൻ കഴിയു എന്നാണ് വ്യാപാരികൾ പറയുന്നത്.