bus

കൊല്ലം: നടുവൊടിഞ്ഞ് നിൽക്കുന്ന കെ.എസ്.ആർ.ടി.സിക്ക് പുത്തൻ പ്രതീക്ഷയുമായി ജനതാ (അൺലിമിറ്റഡ് ഓർഡിനറി) സർവീസുകൾ. കൊല്ലം ഡിപ്പോയിൽ നിന്നുള്ള അഞ്ച് ജനതാ സർവീസുകളിൽ മൂന്നും വലിയ ലാഭമാണ്. ശേഷിക്കുന്ന രണ്ടെണ്ണത്തിന്റെ സമയം ക്രമീകരിച്ച് ലാഭകരമാക്കാനുള്ള നടപടികൾ തുടങ്ങി.

കൊല്ലം ഡിപ്പോയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് ഒന്നും പാരിപ്പള്ളിയിലേക്കും അഞ്ചാലുംമൂട് വഴി കൊട്ടാരക്കരയിലേക്കും രണ്ട് വീതം ജനതാ സർവീസുകളാണുള്ളത്. ഇതിൽ അഞ്ചാലുംമൂട് വഴി കൊട്ടാരക്കരയിലേക്കുള്ള സർവീസിൽ കിലോമീറ്ററിന് 40 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. കൊല്ലം- പാരിപ്പള്ളി സർവീസിൽ ഒന്നിനും രണ്ടാമത്തെ അഞ്ചാലുംമൂട് - കൊട്ടാരക്കരയ്ക്കും 25 രൂപയിൽ താഴേയെ വരുമാനമുള്ളു. ബാക്കി രണ്ടെണ്ണത്തിനും ശരാശരി 30 രൂപ വരുമാനമുണ്ട്. കിലോമീറ്ററിൽ 25 രൂപ വരുമാനം ലഭിച്ചാൽ സർവീസ് ലാഭകരമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്.

ഓർഡിനറി സർവീസുകളുടെ ശരാശരി വരുമാനം പതിനായിരം രൂപയാണ്. എന്നാൽ അഞ്ചാലുംമൂട്- കൊട്ടാരക്കര ജനതയ്ക്ക് ദിവസം എണ്ണായിരം രൂപയിൽ അധികം വരുമാനം ലഭിക്കുന്നുണ്ട്. മറ്റ് രണ്ടെണ്ണത്തിന്റെ വരുമാനം ആറായിരത്തോട് അടുത്താണ്. പുതിയ പരീക്ഷണം വിജയമായതിനാൽ കൂടുതൽ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ ആലോചനയുണ്ട്.

 ഇന്ധന ചെലവിൽ ലാഭം

സാധാരണ ഓർഡിനറി സർവീസുകളുടെ ശരാശരി ദൂരം 300 കി. മീറ്ററാണ്. എന്നാൽ ജനതാ സർവീസുകൾ യാത്രക്കാർ പറയുന്നിടത്ത് നിറുത്തി കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ 150 കിലോമീറ്ററേ ശരാശരി സഞ്ചരിക്കൂ. ഇതിനാൽ ഇന്ധന ചെലവ് കുറവാണ്.

 പുതിയ വേളാങ്കണ്ണി സർവീസിന് സാദ്ധ്യത

കൊല്ലം ഡിപ്പോയിൽ നിന്ന് വേളാങ്കണ്ണിയിലേക്കും ശിവകാശിയിലേക്കും പുതിയ സർവീസിനുള്ള സാദ്ധ്യതാ പഠനം തുടങ്ങി. ജില്ലയിൽ നിന്ന് പ്രതിദിനം നൂറുകണക്കിന് പേർ വേളാങ്കണ്ണി തീർത്ഥാടനത്തിന് പോകുന്നുണ്ട്. ഇവരെല്ലാം തമിഴ്നാട് ബസുകളിൽ തിങ്ങിഞെരുങ്ങിയാണ് പോകുന്നത്. കൊല്ലത്ത് നിന്ന് വേളാങ്കണ്ണി സർവീസ് തുടങ്ങിയാൽ വൻലാഭമാകുമെന്നാണ് കണക്ക് കൂട്ടൽ.

വൈകിട്ട് 3ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് മൂന്നാം നാൾ മടങ്ങിയെത്തുന്ന തരത്തിലാകും ക്രമീകരണം. തമിഴ്നാട്ടിൽ സാധനങ്ങൾ വാങ്ങാൻ പോകുന്ന കച്ചവടക്കാർക്കായാണ് ശിവകാശി സർവീസ് ആലോചിക്കുന്നത്.

 ജനതാ സർവീസുകൾ

01. കൊല്ലം - കൊട്ടാരക്കര: 1

02. കൊല്ലം - പാരിപ്പള്ളി: 2

03. കൊല്ലം - അഞ്ചാലുംമൂട് - കൊട്ടാരക്കര: 2