കൊല്ലം: എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കിന്റെ തിളക്കമെത്തിയത് കൊട്ടാരക്കരയിലേക്ക്. കൊട്ടാരക്കര നീലേശ്വരം സായി വിഹാറിൽ എം.ജെ. ജഗനാണ് റാങ്ക് നേടി നാടിന്റെ അഭിമാനമായത്. ബൈജൂസ് ആപ്പിൽ ബംഗളൂരുവിൽ എൻജിനിയറായ ചേട്ടൻ ജവഹറിനെപ്പോലെ എൻജിനിയറിംഗ് മോഹം നേരത്തേതന്നെ ജഗന്റെ മനസിലും ചേക്കേറിയിരുന്നു. വാട്ടർ അതോറിട്ടിയിൽ നിന്ന് സൂപ്രണ്ടിംഗ് എൻജിനിയറായി വിരമിച്ച ബി. മോഹനന്റെയും ജയ സി. തങ്കത്തിന്റെയും മകനാണ് ജഗൻ. ജനറൽ വിഭാഗത്തിൽ 252ാം റാങ്കാണ് ലഭിച്ചത്. മദ്രാസ് ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് ചെയ്യാനാണ് ആഗ്രഹം. രണ്ടാമത്തെ ചേച്ചി വെഞ്ഞാറമൂട് ഗോകുലം മെഡി. കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്. ചങ്ങനാശേരി ഗുഡ് ഷെപ്പേർഡ് പബ്ളിക് സ്കൂളിൽ നിന്ന് 98 ശതമാനം മാർക്കോടെയാണ് ജഗൻ പ്ളസ് ടു വിജയിച്ചത്.