കൊല്ലം: ഇടിഞ്ഞുതാഴ്ന്ന കിണറിനൊപ്പം വെള്ളം കോരുകയായിരുന്ന യുവാവും കുഴിയിലേക്ക് വീണു. പരിസരവാസികൾ അവസരോചിതമായി ഇടപെട്ടതിനാൽ യുവാവിനെ എടുത്തുയർത്തി രക്ഷപ്പെടുത്താനായി.
കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ഉളിയക്കോവിൽ ക്ഷേത്രത്തിന് സമീപം ആരാധന നഗറിൽ മണികണ്ഠന്റെ വീടിന് മുന്നിലെ 28 തൊടികളുള്ള കിണറിന്റെ ഒരു ഭാഗമാണ് ഉഗ്രശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത്. ഈ സമയം മണികണ്ഠന്റെ മകൻ അരവിന്ദ് കിണറ്റിൽ നിന്ന് വെള്ളം കോരുകയായിരുന്നു. മണ്ണ് ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് നിന്ന അരവിന്ദനും കുഴിയിലേക്ക് വീണു. ബഹളം കേട്ട് മാതാവ് ഓടിയെത്തി. മകൻ കുഴിയിൽ വീണത് കണ്ട് ബഹളം വച്ചതിനെ തുടർന്ന് പരിസരവാസികൾ ഓടിയെത്തി യുവാവിനെ രക്ഷിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.
ഇടിഞ്ഞുതാഴന്നതിന് ശേഷം കിണറ്റിൽ നിന്ന് തിരയിളക്കം പോലെയുള്ള ശബ്ദം അനുഭവപ്പെടുന്നതായി വീട്ടുകാർ പറഞ്ഞു.