police
police

പുനലൂർ: തമിഴ്നാട്ടിൽ നിന്നും പാസ് ഉപയോഗിച്ചു ആര്യങ്കാവ് വഴി ബൈക്കിൽ ഓച്ചിറയിൽ പോകാൻ എത്തിയ തമിഴ്നാട് സ്വദേശികളായ നാല് പേരിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് കാരനെേയും ഓട്ടോ റിക്ഷാ ഡ്രൈവറെയും തെന്മല പൊലീസ് പിടി കൂടി കോടതിയിൽ ഹാജരാക്കി. ആര്യങ്കാവിൽ കൊവിഡ് പരിശോധന കേന്ദ്രത്തിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് കാരനായ ചവറ സ്വദേശി സജിത്ത് ,​ ഓട്ടോറിക്ഷ ഡ്രൈവറായ കോട്ടവാസൽ സ്വദേശി ജെയിംസ് ആരോഗ്യ രാജ് എന്നിവരെയാണ് പുനലൂർ കോടതിയിൽ ഹാജരാക്കിയത്.ബുധനാഴ്ച വൈകിട്ടായായിരുന്നു സംഭവം.

തമിഴ്നാട്ടിൽ നിന്നും രണ്ട് ബൈക്കിൽ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ എത്തിയ നാല് പേരെ പരിശോധക സംഘം കടത്തിവിട്ടില്ല. ബൈക്കിൽ തിരിച്ചു മടങ്ങിയ നാലംഗ സംഘം കോട്ടവാസലിൽ എത്തിയപ്പോൾ അവിടെ വച്ച് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ ആരോഗ്യരാജ് അതിർത്തി കടത്തി വിടാം എന്നു പറഞ്ഞ് നാലുപേരേയും വനപാതവഴി ഓട്ടോയിൽ ആര്യങ്കാവ് സെന്റ് മേരീസ് സ്കൂളിലെ കൊവിഡ് പരിശോധന കേന്ദ്രത്തിനു സമീപത്തെത്തിച്ചു.തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് പണം നൽകിയാലേ കാര്യം നടക്കൂ എന്ന് ഓട്ടോക്കാരൻ തമിഴ്നാട് സ്വദേശികളെ ബോധിപ്പിച്ചു.പിന്നീട് പൊലീസ് കാരനുമായി സംസാരിച്ചു ധാരണ ഓട്ടോക്കാരൻ തമിഴ്നാട് സ്വദേശികളുടെ ഫോൺ വഴി പൊലീസുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ അയപ്പിച്ചു. തുടർന്ന് 3000 രൂപ ഓട്ടോക്കാരനും വാങ്ങിയശേഷം നാല് പേരെയും കടത്തിവിട്ടു. അങ്ങനെ പോകുന്ന വഴി മറ്റൊരു പരിശോധന കേന്ദ്രത്തിൽ എത്തിയ നാല് പേരെയും പൊലീസ് തടഞ്ഞു. തങ്ങളെ കടത്തിവിടാൻ പൊലീസുകാരന്റെ അക്കൗണ്ടിൽ തുക അടച്ച വിവരം ഇവർ ധരിപ്പിച്ചു.സംഭവം അറിഞ്ഞു പൊലീസ് ഔട്ട് പോസ്റ്റിലെ ജീവനക്കാർ സ്ഥലത്തെത്തി ചോദ്യം ചെയ്ത ശേഷം ഓട്ടോ ഡ്രൈവറെയും പൊലീസ് കാരനെയും തെന്മല സി. ഐ എം.വിശ്വംഭരന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു. കൈ കൂലി കേസിൽ പിടികൂടിയ രണ്ട് പേരെയും ഇന്നലെ സന്ധ്യയോടെ കോടതിയിൽ ഹാജരാക്കി. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയതായി സി.ഐ അറിയിച്ചു.