photo

കൊല്ലം: മഴ കനത്തപ്പോൾ കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് ചെളിക്കുണ്ടുകൾ രൂപപ്പെട്ടു,​ വലഞ്ഞത് കാൽനടയാത്രക്കാർ. പുനലൂർ മുതൽ തെന്മല വരെയുളള 20കിലോമീറ്റർ ദൂരത്തെ പാതയോരത്താണ് ചെളിക്കുണ്ട് രൂപപ്പെട്ടിരിക്കുന്നത്. ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി റീ ടാറിംഗിന് ശേഷം ചിലയിടങ്ങൾ താഴ്ന്നിരുന്നു. താഴ്ന്ന പാതയോരം ഉയർത്താൻ ഇറക്കിയിട്ട പച്ച മണ്ണാണ് കനത്ത മഴയിൽ ചെളിക്കുണ്ടായി മാറിയത്. മണ്ണ് ഇറക്കിയ ശേഷം പാതയോരം വേണ്ട വിധത്തിൽ ഉറപ്പിക്കാത്തതാണ് മഴയത്ത് ഇളകി വെളളക്കെട്ടും, ചെളിക്കുണ്ടും രൂപപ്പെടാൻ മുഖ്യകാരണം. ഇത് കാരണം പുനലൂർ മുതൽ തെന്മല വരെയുളള പ്രധാന ജംഗ്ഷനുകളിലെ പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന വ്യാപാരശാലകളിൽ കയറി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. കനത്ത മഴയെ തുടർന്ന് പാതയോരത്തെ വെളളക്കെട്ടിൽ വാഹനങ്ങൾ ഇറങ്ങുന്നത് കാരണം മാലിന്യം നിറഞ്ഞ വെളളം സമീപ പ്രദേശങ്ങളിലെ വ്യാപാരശാലകളിലേക്കും കാൽ നട യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തെറിച്ച് വീഴുന്നത് പതിവാണ്. 8 മാസം മുമ്പാണ് ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള ഭാഗത്തെ റോഡിൻെറ നവീകരണ ജോലികൾ ആരംഭിച്ചത്.എന്നാൽ രണ്ട് മാസം മുമ്പ് പാതയോരത്തെ ഓടകൾ കോൺക്രീറ്റ് ചെയ്ത ശേഷം പാത റീടാറിംഗ് നടത്തിയിരുന്നു.എന്നാൽ റോഡിന്റെ രണ്ട്ഭാഗത്തെയും ഉയർന്ന നടപ്പാതകൾ സഞ്ചാര യോഗ്യമാക്കി മാറ്റാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.അയൽ സംസ്ഥാനമായ തമിഴ്നാട്, ആന്ധ്രാ, കർണ്ണാടക, മഹാരാഷ്ട്രാ, പോണ്ടിച്ചേരി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്ന് ചരക്ക് കയറ്റിയ ലോറികൾ ഉൾപ്പടെയുളള വാഹനങ്ങൾക്ക് പുറമെ അന്തർ സംസ്ഥാന ബസുകളും കടന്ന് പോകുന്ന ദേശീയ പാതയോരമാണ് അപകടക്കെണിയായി രൂപപ്പെട്ടിരിക്കുന്നത്.മഴ നീണ്ട് നിന്നാൽ പാതയോരങ്ങളിലെ ചെളിയിൽ ഇറങ്ങുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്ന ആശങ്കയിലാണ് കിഴക്കൻ മലയോരവാസികൾ.