കൊല്ലം: ആശ്രാമം മൈതാനത്തെ അഷ്ടശില്പങ്ങൾ വിവാദത്തിൽ, മറ്റന്നാൾ പൂർത്തിയാക്കാനിരിക്കെ പ്രതിഷേധവുമായെത്തിയവർ ശില്പ നിർമ്മാണം തടഞ്ഞു. കോൺക്രീറ്റ് വനം ഒരുക്കാൻ അനുവദിക്കില്ലെന്ന ഇവരുടെ പിടിവാശിയിൽ ശില്പ നിർമ്മാണം നിർത്തിവച്ചു. കേരള ലളിതകലാ അക്കാദമിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് പത്ത് ലക്ഷം രൂപവീതം അനുവദിച്ച് അഷ്ടശില്പങ്ങളുടെ നിർമ്മാണം തുടങ്ങിവച്ചത്. പൈതൃക വീഥിയെന്ന പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നതാണ് അഷ്ടശില്പ നിർമ്മാണവും. പരിസ്ഥിതിക്ക് യാതൊരുവിധ നാശവും സൃഷ്ടിക്കാതെ ഒരു മരച്ചില്ല പോലും വെട്ടാതെയായിരുന്നു ശില്പങ്ങളുടെ നിർമ്മാണം. പൂർത്തിയാകുന്ന മുറയ്ക്ക് ചുറ്റും ഔഷധ ചെടികളും പൂച്ചെടികളും നട്ട് മനോഹരമാക്കാനും തീരുമാനിച്ചിരുന്നതാണ്. എന്നാൽ മൈതാനം സംരക്ഷണ സമിതിയാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. പിന്നീട് രാഷ്ട്രീയ സംഘടനകൾ അത് ഏറ്റുപിടിച്ചു. ഈ മാസം 18ന് ആയിരുന്നു അഷ്ടശില്പങ്ങളുടെ നിർമ്മാണം തുടങ്ങിയത്. രാവിലെയും വൈകിട്ടും നടക്കാനെത്തുന്നവർക്കും സഞ്ചാരികൾക്കും ആസ്വദിക്കാനുതകുന്ന വിധമാണ് ശില്പങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ സിമന്റ് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് സംഘടനകൾ അറിയിക്കുകയും നിർമ്മാണം തടയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. നിർമ്മാണ സാമഗ്രികൾ വലിച്ചെറിഞ്ഞുകൊണ്ടും പ്രതിഷേധിച്ചു.
കാവ്യബിംബങ്ങൾ
അഷ്ടമുടി കായലിന്റെ എട്ട് ദിക്കുകളെ കണക്കാക്കിയാണ് എട്ട് ശില്പങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്. സിമന്റ് കൊണ്ടുള്ള കാഴ്ച വസ്തുക്കളല്ല. ഓരോ നോട്ടത്തിലും ആയിരം ആർത്ഥങ്ങളുള്ള കാവ്യബിംബങ്ങളാണ് ഒരുക്കുവാൻ പദ്ധതി ഇട്ടത്. കൊല്ലത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പുനരാവിഷ്കരണമായ പൈതൃക വീഥി പദ്ധതിയുടെ ഭാഗമായതിനാൽ ഏറെ വിസ്മയപ്പെടുത്തുന്ന ശില്പങ്ങളാണ് നാട് പ്രതീക്ഷിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരാണ് ശില്പികൾ. പീഠങ്ങൾക്ക് മുകളിലാണ് ഓരോ ശില്പങ്ങളും. പീഠങ്ങളോട് ചേർന്ന് ഇരിപ്പിടങ്ങളും ഒരുക്കാനാണ് തീരുമാനിച്ചത്.
ശില്പങ്ങളും ശില്പികളും