കരുനാഗപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും മികച്ച എസ്.എസ്.എസ് യൂണിറ്റായി കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ സർക്കാർ തിരഞ്ഞെടുത്തു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാനതല അവാർഡിന് സ്കൂളിലെ തന്നെ കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ എ.അൻസാർ അർഹനായി. 2017 മുതൽ 2020 വരെയുള്ള മൂന്ന് വർഷക്കാലം സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഹയർസെക്കൻഡറി എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചത്.പൊതു വിദ്യാഭ്യാസത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച അക്ഷരസമൃദ്ധി, അങ്കണവാടികൾക്ക് വേണ്ടി നടത്തിയ സ്നേഹ സമ്മാനം പദ്ധതി,വയോജനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ സ്നേഹ സ്പർശം പദ്ധതി,വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിർമ്മിച്ച ഹെൽത്ത് കോർണർ തുടങ്ങിയവ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട പരിപാടികളിൽ ചിലത് മാത്രമാണ്.
മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ
കാർഷിക മേഖലകളിലും എൻ.എസ്.എസ് യൂണിറ്റ് നടത്തിയ സംരംഭങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്റെ ഗ്രാമം ജൈവഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി 100 വീടുകളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയുംഇതോടൊപ്പം കൃഷിഭൂമി പാട്ടത്തിനെടുത്ത് വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്യുകയും ചെയ്തു. ഇവിടെ നിന്നും ലഭിച്ച വിളകൾ വൃദ്ധസദനങ്ങൾക്ക് നൽകി .കിടന്നുറങ്ങാൻ കിടപ്പാടമില്ലാതിരുന്ന സഹപാഠിക്ക് 8 ലക്ഷം രൂപ മുടക്കി സ്നേഹവീട് നിർമ്മിച്ച് നൽകിയത് ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു. മക്കളെപ്പോറ്റാൻ ബുദ്ധിമുട്ടുന്ന അമ്മമാരെ സഹായിക്കാൻ ഉപജീവനം ഗാർമെന്റ്സ് നിർമ്മിച്ച് നാടിന് മാതൃകയായി . കൊവിഡ് 19 പ്രതിരോധിക്കുന്നതി ന്റെ ഭാഗമായി 50000 മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സ്കൂൾ നടത്തിയ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ ഏറ്റുവും മികച്ചഎസ്.എൻ.എസ് യൂണിറ്റായി സ്കൂളിനെ തിരഞ്ഞെടുക്കാൻ കാരണമായതെന്ന് പ്രിൻസിപ്പൽ ബി.ഷീലയും ഹെഡ്മിസ്ട്രസ് ശ്രീജ ഗോപിനാഥും പറഞ്ഞു.