ഓച്ചിറ: മഴപെയ്താൽ വെള്ളക്കെട്ട് കാരണം റോഡാണോ കുളമാണോ എന്ന് തിരിച്ചറിയാനാത്ത അവസ്ഥയിലാണ് കല്ലൂർ മുക്ക്- വയനകം ആത്മാവ് മുക്ക് റോഡിൽ ചാത്തവന മുക്കിന് പടിഞ്ഞാറു ഭാഗം. ചെറു മഴ പെയ്താൽ പോലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുന്നത് യാത്രക്കാരെ ഏറെ വലക്കുകയാണ്. പല ഭാഗങ്ങളിലും റോഡ് താഴ്ന്ന് നിൽക്കുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ആ ഭാഗങ്ങളിൽ റോഡ് ഉയർത്തുകയോ ഓട നിർമാണം നടത്തിയോ മാത്രമേ പരിഹാരം കാണുവാൻ കഴിയുകയുള്ളൂ.
പരാതി നൽകി
ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ആയുർവേദ ഹോസ്പിറ്റൽ, മഠത്തിൽക്കാരാണ്മ ഗവ. എൽ പി എസ്, വയനകം സർവീസ് സഹകരണ ബാങ്ക്, വയനകം ഹൈസ്കൂൾ തുടങ്ങിയവയിൽ എത്തിചേരുന്നവർക്കും ആലപ്പുഴ ജില്ലക്കാർ ഉൾപ്പടെ നാഷണൽ ഹൈവേയിൽ എത്തിച്ചേരുന്നതിനും ആശ്രയമാണ് ഈ റോഡ്. ഓച്ചിറഗ്രാമപഞ്ചായത്തിലെ മഠത്തിൽക്കാരാണ്മ 7, 8 വാർഡിന്റെ ഭാഗമായ ചാത്തവന മുക്കിന് പടിഞ്ഞാറു ഭാഗമാണ് കൂടുതൽ വെള്ളക്കെട്ടാകുന്നത്. വെള്ളം ഒഴുകിപോകാതെ ആഴ്ചകളോളം കെട്ടികിടക്കുകയാണ്. റോഡ് വളരെ താഴുന്നു കിടക്കുന്നതാണ് കാരണം. അടിയന്തിരമായി ഇവിടെ ഓട നിർമ്മിച്ചോ, റോഡ് ഉയർത്തിയോ വെള്ളകെട്ടിനു പരിഹാരം കാണണം എന്നാവശ്യപെട്ട് ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതി നൽകി.