തഴവ: ഇരുപത്തി എട്ടാം ഓണാഘോഷം ഇത്തവണ ഓച്ചിറയിൽ ആചാരമായി ചുരുങ്ങും.
ഓണാട്ടുകരയിലെ അൻപത്തി ആറ് കരകളിൽ നിന്നായി അലങ്കരിച്ച കെട്ടുരുപ്പടികളുമായി ക്ഷേത്രത്തിലേക്ക് നടത്തിയിരുന്ന ഘോഷയാത്രകൾ പൂർണമായും ഒഴിവാക്കി ക്ഷേത്ര പടനിലത്ത് പ്രതീകാത്മകമായി ചടങ്ങ് നടത്തുവാനാണ് ഭരണസമിതിയുടെ തീരുമാനം. ഇതിനായി സമിതിയുടെ മേൽനോട്ടത്തിൽ കെട്ടി ഒരുക്കിയ ഒരു ജോഡി കെട്ടു കാളയെ നാളെ വൈകിട്ട് നാലിന് ക്ഷേത്രത്തിലേക്ക് ആനയിച്ച് സമർപ്പണം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തി എട്ടാം ഓണാഘോഷം ഓണാട്ടുകരയിലെ കാർഷിക സമൃദ്ധിയുടെ ഉത്സവമായാണ് അറിയപ്പെടുന്നത്. ഓണം കഴിയുന്നതോടെ ഓണാട്ടുകരയുടെ മുക്കിനും മൂലയിലും കെട്ടുത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഏകദേശം 140 - ഓളം കാളകെട്ട് സമിതികളാണ് നിലവിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഇവരെ കൂടാതെ നിരവധി വ്യക്തികൾ നേർച്ചയായും ക്ഷേത്രത്തിലേക്ക് കെട്ടുരുപ്പടികളെ എഴുന്നള്ളിക്കാറുണ്ട്. അംബരചുംബികളായ പടുകൂറ്റൻ കെട്ടു കാളകൾ മുതൽ അഞ്ച് ഗ്രാം തൂക്കമുള്ള സ്വർണക്കാളകൾ വരെ അണിനിരക്കുന്ന ഇരുപത്തി എട്ടാം ഓണാഘോഷം കേരളത്തിലെ തന്നെ മുൻനിര കെട്ടുത്സവങ്ങളിൽ ഒന്നാണ്.