കൊല്ലം: തലച്ചോറിലെ ട്യൂമർ നീക്കം ചെയ്‌ത് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ നാടിന്റെ സഹായം തേടുകയാണ് പെയിന്റിംഗ് തൊഴിലാളിയായ വിനോദ്. കൊട്ടാരക്കര പള്ളിക്കൽ വിനോദ് ഭവനിൽ വിനോദിന്റെ (34) തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാൻ അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു വിനോദ്. ഇതേ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനകളിലാണ് തലച്ചോറിനെ ബാധിച്ച ട്യൂമറിന്റെ സാനിദ്ധ്യം തിരിച്ചറിഞ്ഞത്. ട്യൂമർ നീക്കം ചെയ്തില്ലെങ്കിൽ ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലായേക്കാം. ശസ്ത്രക്രീയയ്ക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഈ നിസഹായ കുടുംബം. കൂലിപ്പണിക്കാരനായ പിതാവ് മോഹനന് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിത ചിലവുകൾ പോലും തികയില്ല. തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളാൽ അമ്മ സരസ്വതിയും ചികിത്സയിലാണ്. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ അമ്മ സരസ്വതിയുടെ പേരിൽ കൊട്ടാരക്കര എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.അക്കൗണ്ട് നമ്പർ: 67 30 95 41 535. ഐ.എഫ്.എസ്.സി കോഡ് SBIN0070063. ഫോൺ: 96330 20438