കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ ബോട്ട് തകർന്ന് കടലിൽ കാണാതായ ബോട്ടുടമയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി ശ്രായിക്കാട് ഇടയില വീട്ടിൽ അശോകനാണ് (55) മരിച്ചത്. കോസ്റ്റൽ പൊലീസിന്റെ 'യോദ്ധ' ബോട്ടിൽ നടത്തിയ തെരച്ചിലിൽ ഇന്നലെ ഉച്ചയോടെ കൊല്ലം ബീച്ചിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 22ന് രാവിലെ 7 മണിയോടെ കായംകുളം ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട 'ദിയ' എന്ന ബോട്ട് അപകടത്തിൽപ്പെട്ടാണ് ബോട്ടുടമയായ അശോകനെ കാണാതായത്. ബോട്ടിന്റെ പങ്കായത്തിൽ റോപ്പ് ചുറ്റി നിയന്ത്രണം നഷ്ടപ്പെട്ട് അപകടപ്പെടുകയായിരുന്നു. തിരയിൽപ്പെട്ട് ബോട്ടിലെ തൊഴിലാളിയായ സുതൻ മരണപ്പെട്ടു. മറ്ര് തൊഴിലാളികളെ സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരാണ് രക്ഷിച്ചത്.
അശോകന്റെ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുമായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ:സിന്ധു. മക്കൾ: ആനന്ദ്, അശ്വതി. മരുമക്കൾ: ധന്യ, സുരജിത്ത്.