karu

കൊല്ലം: നികുതി വെട്ടിച്ച് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ കടത്തിക്കൊണ്ടു വരുകയായിരുന്ന 1481. 755 ഗ്രാം സ്വർണാഭരണം കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് പിടികൂടി. ഡ്രൈവറോട് സ്വർണത്തിന്റെ നികുതി രേഖകൾ ആവശ്യപ്പെട്ടപ്പോൾ കൈവശമില്ലെന്ന് അറിയിച്ചു. തിരുവനന്തപുരത്തെ വിവിധ ജുവലറികളിൽ വിൽക്കാനായി കൊണ്ടുപോകുന്നെന്നായിരുന്നു മറുപടി. കാറും സ്വർണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ മൊത്തവിലയായ 68.02 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. ആദ്യമായാണ് പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ മൂല്യം തന്നെ പിഴ ചുമത്തുന്നത്.

ഈമാസം 12ന് നികുതി വെട്ടിച്ച് കൊണ്ടുവന്ന 743.72 ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. അതിന് 35.09 ലക്ഷം രൂപ അടയ്ക്കാൻ നോട്ടീസ് നൽകി. ഈ സാമ്പത്തിക വർഷം ഇതുവരെ രേഖകളില്ലാതെ കൊണ്ടുവന്ന 24.593 കിലോഗ്രാം സ്വർണം കരുനാഗപ്പള്ളി ജി.എസ്.ടി സ്ക്വാഡ് പിടികൂടിയിട്ടുണ്ട്. 74.08 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ജി.എസ്.ടി ഇന്റലിജൻസ് ജോ. കമ്മിഷണർ സി.ജെ. സാബു, ഡെപ്യൂട്ടി കമ്മിഷണർ എച്ച്. ഇർഷാദ് എന്നിവരുടെ നിർദ്ദേശപ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫീസർ എസ്. രാജീവ്, അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ എ.ആർ. ഷെമീംരാജ്, ബി. രാജേഷ്, എസ്. രാജേഷ് കുമാർ, ബി. രാജീവ്, ടി. രതീഷ്, ഇ.ആർ. സോനാജി, വി. രഞ്ജിനി, പി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.