photo
യുവമോർച്ച കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

 അഞ്ച് പ്രവർത്തകർക്ക് പരിക്ക്

കുണ്ടറ: മന്ത്രി കെ.ടി. ജലിൽ രാജിവയ്ക്കണമെന്നും യുവമോർച്ച പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നടപടിയിൽ അഞ്ച് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു.

കേരളപുരം പൊലീസ് ക്വാർട്ടേഴ്‌സിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച്‌ ഇളമ്പള്ളൂരിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് നടന്ന യോഗം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ് ഉദ്‌ഘാടനം ചെയ്തു. കുണ്ടറ മണ്ഡലം പ്രസിഡന്റ് സനൽ മുകളുവിള അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, സി. തമ്പി, അജിത്ത് ചോഴത്തിൽ, ശരത് മാമ്പുഴ, പ്രതീഷ് ചിറയടി, ധനീഷ് പെരുമ്പുഴ, സച്ചു പ്രസാദ്, നവീൻ ചാത്തന്നൂർ, വിനീത് തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിന് ശേഷം ബാരിക്കേഡ് കടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതോടെ വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ് അടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.