ഓയൂർ: മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിപ്പിച്ച ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.പൂയപ്പള്ളി സോണി ഹൗസിൽ ജെയിംസിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി ഓയൂർ മീയനപുല്ലേരിയിൽ വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ നെടുമൺകാവ് കരീപ്ര ലതാ ഭവനിലെ താമസക്കാരി റാഫിന (19) ഭർത്താവ് അനന്തകൃഷ്ണൻ (25) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കേസിലെ പ്രതിയായ മുഹമ്മദ് റാഫിയെ പൊലീസ് പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. റാഫി ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചതിൽ ഇയാളുടെ മകളുടെ ഭർത്താവ് അനന്തകൃഷ്ണന്റെ മൊബൈൽ ഫോണിലേക്ക് നിരവധി തവണ റാഫി വിളിച്ചതായി പൊലീസ് കണ്ടെത്തി.തുടർന്ന് ഇയാളെ പൊലീസ് കൂട്ടിക്കൊണ്ട് വന്ന് ചോദ്യം ചെയ്യുകയും വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്നലെ രാവിലെ 10ന് അനന്തകൃഷ്ണനും ഭാര്യ റാഫിനയും പൊലീസ് റ്റേഷനിലെത്തണമെന്നും പറഞ്ഞ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. എന്നാൽ ആത്മഹത്യാ കുറിപ്പ്എഴുതിവച്ച ശേഷം ഇരുവരേയും ഇന്നലെ രാവിലെ 10 മണിയോടെ കൈ ഞരമ്പുകൾ മുറിച്ച നിലയിൽ കണ്ടെത്തുകയും അയൽവാസികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് റാഫിനയെ തിരുവനന്തപുരം എസ്.എടി.യിലും അനന്തകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.