bb-gopakumar
കനത്തമഴയെ തുടർന്ന് വെള്ളക്കട്ടായി മാറിയ ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷൻ അക്ഷയ നഗറിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി ഗോപകുമാർ സന്ദർശിച്ചപ്പോൾ

കൊല്ലം: കനത്ത മഴയെ തുടർന്ന് ഉളിയക്കോവിൽ അക്ഷയ നഗറിലെ അൻപതോളം കുടുംബങ്ങൾ വെള്ളക്കെട്ടിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ഉളിയക്കോവിൽ ഈസ്റ്റ് അക്ഷയനഗറിൽ കരാളത്ത് ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്നിലുള്ള കരാളത്ത് കാവ് റോഡിലെ വെള്ളക്കെട്ടാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.

ചെറിയ മഴ പെയ്യുമ്പോൾ തന്നെ വെള്ളക്കെട്ടിലാകുന്ന പ്രദേശമാണ് ഇവിടം. ഒന്ന് രണ്ട് ദിവസത്തിനകം വെള്ളമിറങ്ങുകയും ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കാൽനടയാത്ര പോലും ദുസഹമാണ്. റോഡ് വക്കിലെ വീടുകൾക്ക് പുറമേ കരാളത്ത് ക്ഷേത്ര കോമ്പൗണ്ടിലും വെള്ളം കയറി. പലർക്കും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

അത്യാവശ്യഘട്ടങ്ങളിൽ ആളുകൾക്ക് ആശുപത്രിയിൽ പോകാൻ പോലും കഴിയുന്നില്ല. അടുത്തിടെ പ്രദേശവാസിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോയത്. അടിയന്തിരമായി റോഡിന്റെ ശോച്യാവസ്‌ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.

 അശാസ്ത്രീയ നിർമ്മാണം

അശാസ്ത്രീയമായ ഓട നിർമ്മാണവും ഗൂഢലക്ഷ്യത്തോടെ ഓടയിലെ ഒഴുക്ക് തടസപ്പെടുത്തിയതുമാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്. വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാൻ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. റോഡ് നിർമ്മാണത്തിലെ അപാകതയും വെള്ളക്കെട്ടിന്റെ കാരണമായി പറയപ്പെടുന്നുണ്ട്.