ചാത്തന്നൂർ: ഗൃഹനാഥനെയും മകനെയും ബന്ധുവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപ്പോയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തെക്കേ മൈലക്കാട് ശങ്കരമംഗലത്ത് വീട്ടിൽ അനിൽകുമാർ, മകൻ അരവിന്ദ്, ബന്ധുവായ മിഥുൻ എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാരംകോട് വരിഞ്ഞം കോവിൽവിള വീട്ടിൽ നൈസാം, (26), ചാത്തന്നൂർ ജയന്തി കോളനിയിൽ അമീർ (21), മൈലക്കാട് ചരിപ്പുറം നൈയ്ഫ് നിവാസിൽ നൈയ്ഫ് (21) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് രാത്രി 9 മണിയോടെയാണ് സംഭവം. അനിൽകുമാറിന്റെ വളർത്തുനായ കെട്ടഴിഞ്ഞ് പ്രതികളിൽ ചിലരെ നക്കിയതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി. പ്രകോപിതരായ യുവാക്കൾ പരിചയക്കാരായ കൂടുതൽ പേരെ വിളിച്ചുവരുത്തി അനിൽകുമാറിനെയും മകനെയും ഉൾപ്പെടെ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരും ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സരിൻ, നാസറുദ്ദീൻ, റെനോക്‌സ്, പ്രൊബേഷൻ എസ്.ഐ ഷാൻ, എ.എസ്.ഐ ബൈജു, സി.പി.ഒ അജിത്, സതീശൻ, റൂഡാൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.