പത്തനാപുരം: കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്നലെ പകലും ചെമ്പനരുവി മേഖലയിൽ കാട്ടാനകൂട്ടം എത്തി. കർഷകരുടെ തെങ്ങ്, വാഴ, ചീനി, കമുക്, കുരുമുളക്, കോലിഞ്ചി, റബർ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു. ആന, പുലി, പന്നി, മലയണ്ണാൻ, കുരങ്ങ്, തുടങ്ങിയ വന്യ ജീവികൾ പ്രദേശത്തെ ജനങ്ങളുടെ സ്വസ്ഥത നശിപ്പിച്ചിരിക്കുകയാണ്. ചെമ്പന്നരുവി, ചണ്ണയ്ക്കാമൺ, ചെറുകടവ് ,ഓലപ്പാറ, കുമരം കുടി, ചാങ്ങപ്പാറ പ്രദേശത്തെ ജനങ്ങളെല്ലാം ഭീതിയിലാണ്.
രണ്ട് വർഷം മുൻപ് എസ്.എഫ്.സി.കെ ടാപ്പിംഗ് സൂപ്പർവൈസർ ആയിരുന്ന സുഗതന് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു.മൂന്നു മാസം മുൻപ് ചെരിപ്പിട്ട കാവ് എസ്റ്റേറ്റിലെ തൊഴിലാളിയായ ലില്ലിക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി . തലനാരിഴയ്ക്കാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. ലില്ലി ഇപ്പോഴും ചികിത്സയിലാണ്. കോട്ടക്കയം നിരത്ത് പാറ ഭാഗത്ത് വച്ച് അച്ഛനും മകളും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ കാട്ടാനയ്ക്ക് മുൻപിൽപ്പെട്ടതും ഭാഗ്യവശാൽ രക്ഷപെട്ടതും ഈ അടുത്ത കാലത്താണ്. ജനവാസ കേന്ദ്രത്തിന് ചുറ്റും പലയിടങ്ങളിലും സൗരോർജ്ജ വേലികളുണ്ടെങ്കിലും ഫലപ്രദമല്ല. ഇന്നലെ ചെറുകടവ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലി കടന്ന് വന്നാണ് മൂലമൺ ഷൈജു മൽസിലിൽ സുബൈദയുടെ വീട്ടുമുറ്റത്ത് നിന്ന തെങ്ങും കാർഷിക വിളകളും നശിപ്പിച്ചത്. പ്രദേശത്ത് സൗരോർജ വേലികൾക്ക് പകരം കിടങ്ങുകൾ സ്ഥാപിക്കണമെന്നും വന്യ മൃഗശല്യത്തിൽ പരിക്കേറ്റവർക്കും നഷ്ടപ്പെട്ട കാർഷിക വിളകൾക്കും നഷ്ടപരിഹാരം അധികാരികൾ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗശല്യത്തിൽ നിന്ന് രക്ഷനേടുന്നതിന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.സുധീർ മലയിൽ ( യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി )
വന്യമൃഗശല്യത്തിൽ കാർഷിക വിളകൾക്ക് നാശം വരുമ്പോൾ കർഷകർക്ക് അടിയന്തര സഹായം വേഗത്തിൽ നല്കാൻ അധികൃതർ തയ്യാറാകണം. ചേത്തടി ശശി. (പൊതുപ്രവർത്തകൻ)