covid

കൊല്ലം: നഗരത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്നലെ മാത്രം 155 പേർക്കാണ് കൊവിഡ് ബാധിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ രോഗബാധിരാകുന്ന പ്രദേശമായി കൊല്ലം നഗരം മാറുകയാണ്.

ശക്തികുളങ്ങര, അയത്തിൽ, പള്ളിത്തോട്ടം, കാവനാട്, തൃക്കടവൂർ, ഇരവിപുരം എന്നിവിടങ്ങളിൽ ഇനിയും കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ല. ആദ്യഘട്ടത്തിൽ നഗരത്തിലെ തീരദേശ മേഖലയിൽ കൊവിഡ് വ്യാപിക്കാതിരുന്നത് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ ആ സ്ഥിതിയും മാറി. പള്ളിത്തോട്ടം, മൂതാക്കര, കാക്കത്തോപ്പ്, ഇരവിപുരം അടക്കമുള്ള തീരമേഖലയിൽ തുടർച്ചയായി രോഗബാധയുണ്ടാകുന്നു. കൊല്ലം കോർപ്പറേഷനിലേതടക്കം നഗരത്തിലെ പ്രധാന സർക്കാർ ഓഫീസുകളിലെ നിരവധി ജീവനക്കാർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതിലേറെ പേർ നിരീക്ഷണത്തിലുമുണ്ട്. വരുംദിവസങ്ങളിൽ വ്യാപനം കൂടുതൽ വർദ്ധിക്കാനാണ് സാദ്ധ്യത. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ന് ആയിരം കടക്കും.

 രോഗലക്ഷണങ്ങൾ പ്രകടം

നഗരത്തിൽ രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളും പ്രകടമാണ്. അതുകൊണ്ട് തന്നെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായി തുടങ്ങാനിരുന്ന ലാ കോളേജ് സെക്കൻഡ് ലൈൻ ആയാണ് പ്രവർത്തനം തുടങ്ങിയത്. ആശ്രാമം ഹോക്കി സ്റ്റേഡിയവും ഉടൻ സെക്കൻഡ് ലൈൻ ആകാൻ സാദ്ധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ അധികവും ഇപ്പോൾ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ താല്പര്യം പ്രകടിപ്പിക്കുകയാണ്.

 പ്രതിരോധം മറികടന്ന്

കൊവിഡ് നിയന്ത്രിക്കാൻ പൊലീസും നഗരസഭയും ശക്തമായി ഇടപെടുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. തീരദേശ മേഖലയിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചെങ്കിലും ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.

 ആകെ ബാധിച്ചത്: 1867

 നിലവിൽ ചികിത്സയിലുള്ളവർ: 885

 മരണം:11

(ഇന്നലെ ഉച്ചവരെയുള്ള കണക്ക്)