രണ്ടുപേർക്ക് പരിക്ക്
തൃക്കാക്കര: കാക്കനാട് സിവിൽലൈൻ റോഡിൽ ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ കാർ റോഡരികിലെ ഗർത്തത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കൊല്ലം കുണ്ടറ പെരുമ്പുഴ പുനുക്കന്നൂർ ശ്രീശൈലത്തിൽ എസ്. സുരേന്ദ്രബാബുവിന്റെ മകൻ എസ്.ജെ. വിഷ്ണുവാണ് (30) മരിച്ചത്. ഒപ്പം കാറിലുണ്ടായിരുന്ന വൈറ്റില സ്വദേശി കുര്യൻ ജേക്കബ്, തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനീഷ് പ്രകാശ് എന്നിവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച അർദ്ധരാത്രിയോടെ വിഷ്ണുവും സുഹൃത്തുക്കളും കാക്കനാട്ടെത്തി ഭക്ഷണം കഴിച്ച് മടങ്ങുംവഴി കാക്കനാട് കളക്ടറേറ്റ് സിഗ്നലിന് സമീപമാണ് അപകടം നടന്നത്. എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ 40 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണു മരിച്ചു. വൈറ്റില കിറ്റ്കോ ജീവനക്കാരനാണ്. മാതാവ്: മണിയമ്മ. സഹോദരൻ: വൈശാഖ്. മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ.