bjp

കൊല്ലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ഒരു സീറ്റെങ്കിലും നേടി അക്കൗണ്ട് തുറക്കാൻ ബി.ജെ.പി സജീവമായി രംഗത്ത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു. ബി.ഡി.ജെ.എസിന്റെ സഹായം കൂടിയാവുമ്പോൾ ചില മണ്ഡലങ്ങളിൽ നന്നായി പ്രവർത്തിച്ചാൽ ജില്ലയിൽ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
ചാത്തന്നൂർ, ഇരവിപുരം, കരുനാഗപ്പള്ളി, കൊട്ടാരക്കര മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പാർട്ടി പ്രവർത്തനം നടത്തുന്നത്. താഴേത്തട്ട് മുതൽ പ്രവർത്തകർക്ക് കൃത്യമായി ചുമതല വീതീച്ച് നൽകി വീടുവീടാന്തരം കയറിയിറങ്ങി വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ നിന്ന് 35000ൽ അധികം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വോട്ടുകൾ ഉറപ്പാക്കിയാൽ വിജയിക്കാമെന്നാണ് കണക്കുകൂട്ടൽ. കൊട്ടാരക്കര മണ്ഡലവും ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

 ചാത്തന്നൂരിന് പ്രഥമ പരിഗണന
ജില്ലയിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറായിരുന്നു സ്ഥാനാർത്ഥി. അദ്ദേഹം 32280 വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തിയത് വലിയ പ്രതീക്ഷയാണ് പ്രവർത്തകർക്ക് നൽകുന്നത്. ഗോപകുമാറിനെ പാർട്ടി ജില്ലാ പ്രസിഡന്റാക്കിയതിനു പിന്നിലും ഇത്തരമൊരു ലക്ഷ്യം പാർട്ടിക്കുണ്ട്. 30000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതു സ്ഥാനാർത്ഥി ജയലാൽ കഴിഞ്ഞ തവണ നേടിയത്. ഇവിടെ മത്സരം ബി.ജെ.പി യും എൽ.ഡി.എഫും തമ്മിലായിരുന്നു. കോൺഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത് ഗോപകുമാറിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനം മൂലമാണെന്നാണ് പാർട്ടിയുടെ നിഗമനം.

ഇക്കുറിയും സ്ഥാനാർത്ഥി ഗോപകുമാർ തന്നെയാകും

ഇക്കുറിയും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഗോപകുമാർ തന്നെയാകും ബി.ജെ.പി സ്ഥാനാർത്ഥി. തിരുവനന്തപുരത്തെ നേമം നിയോജക മണ്ഡലത്തിന് സമാനമായി ചാത്തന്നൂരിനെ രൂപപ്പെടുത്താനാണ് ഉദ്ദേശം. ഇതിന് മുന്നോടിയായി ചാത്തന്നൂർ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. സ്വർണക്കടത്ത് വിവാദം ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരായ ആരോപണങ്ങൾ ശക്തമാക്കി ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമം.