x
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുന്നു

പുത്തൂർ : ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിക്കാനിടയായ സംഭവം ആശുപത്രി അധികൃതരുടെ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രതിഷേധം. മാറനാട് കുറ്റിയിൽ പുത്തൻവീട്ടിൽ സജികുമാറിന്റേയും വിനീതയുടേയും മകൾ ആദ്യ.എസ്.ലക്ഷ്മിയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കാലിന് ശസ്ത്രക്രിയ നടത്തുന്നതിനിടെ ബുധനാഴ്ച മരിച്ചത്. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു. 11 പേരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് പൊലീസ് തടഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുമ്പോഴാണ് ആംബുലൻസ് തടഞ്ഞത്. തുടർന്ന് പൊലീസ് കാവലിൽ ആംബുലൻസ് മാറനാട്ട് എത്തിച്ചപ്പോഴും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കാതെ മൃതദേഹം ഇറക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. മുക്കാൽ മണിക്കൂറോളം നീണ്ട പ്രതിഷേധം വളരെ ശ്രമകരമായാണ് ശാന്തമാക്കിയത്. തുടർന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു. ആശുപത്രിയിലെത്തിയ ബന്ധുക്കളോടും ആംബുലൻസ് ഡ്രൈവറിനോടും പൊലീസ് മോശമായി പെരുമാറിയെന്നും സംഭവത്തെ നീതിയുക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറയുന്നു.