acri

നല്ലതമ്പിയെന്ന പേരുള്ള അറുപതുകാരനായ പാവം മനുഷ്യൻ. തമിഴ് നാട്ടിലെ സേലത്തിന് അടുത്തുള്ള ഒരു ഗ്രാമമായ അതനൂർപ്പട്ടിയിലാണ് താമസം. ജോലിയോ ആക്രി പെറുക്കൽ. അടുത്തിടെ നല്ലതമ്പി വാർത്തകളിൽ ഇടംനേടി. എങ്ങനെയെന്നോ? ആക്രി പെറുക്കി കിട്ടിയ വരുമാനം കൂട്ടിവച്ച് കുറച്ചു സ്ഥലം വാങ്ങി അവിടെ സ്വന്തം പ്രതിമ സ്ഥാപിച്ചതാണ് അയാളെ വാർത്തകളിലെത്തിച്ചത്. കഷ്ടപ്പെട്ട് ആക്രി പെറുക്കി നല്ലതമ്പി വാങ്ങിയ സ്ഥലത്തിന് ഇന്ന് എട്ടുലക്ഷം രൂപ മതിപ്പുണ്ട്. അവിടെയാണ് അദ്ദേഹം സ്വന്തം പ്രതിമ സ്ഥാപിച്ചത്. ജീവിതം ആഘോഷിക്കാൻ വേണ്ടിയാണ് കൂലിപ്പണി ചെയ്തു സ്ഥലം വാങ്ങി തന്റെ തന്നെ പ്രതിമ സ്ഥാപിച്ചതെന്ന് നല്ലതമ്പി പറയുന്നു. തന്നെപ്പോലെ ഒരാൾ ജീവിച്ചിരുന്നുവെന്നത് ജനം അറിയണമെന്നും അതിനുവേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ കഷ്ടപ്പെട്ടതൊക്കെ തിരിച്ചറിയപ്പെടാതെ പോകരുതെന്ന് നല്ലതമ്പി പറയുന്നു. തന്റെ കഷ്ടപ്പാടുകളെക്കൂറിച്ച് പൊതുസമൂഹം അറിയണം പ്രതിമ നിർമ്മാണം പൂർത്തിയായതോടെ തന്റെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമായതെന്നും നല്ലതമ്പി പറയുന്നു. ജീവിതം എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്ന് നല്ലതമ്പിയെ കണ്ടുപഠിക്കാൻ തയ്യാറെടുക്കുകയാണ് അതനൂർപ്പട്ടിയിലെ നാട്ടുകാർ. നല്ലതമ്പിയുടെ ജീവിതം ഏറെ പ്രചോദനം നൽകുന്നതാണെന്നും അവർ പറയുന്നു. സ്ഥലം വാങ്ങി പ്രതിമ പണിയാൻ ഇതുവരെ പത്തുലക്ഷത്തോളം രൂപ നല്ലതമ്പിക്ക് ചെലവായിട്ടുണ്ട്.