thiruvallam-death

തിരുവനന്തപുരം: നൂലുകെട്ടിന് തൊട്ടുപിന്നാലെ നാൽപ്പത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ആറ്രിലെറിഞ്ഞ് കൊന്ന സംഭവം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പൊലീസ്. കേസിൽ അറസ്റ്റിലായ പ്രതി ഉണ്ണിക്കൃഷ്ണന്റെ പ്രണയ വിവാഹത്തിൽ വീട്ടുകാർക്കുണ്ടായിരുന്ന വിരോധം ഇല്ലാതാക്കാനെന്ന വ്യാജേനയാണ് നെടുമങ്ങാട് പനവൂരിൽ നിന്ന് ഭാര്യയെയും കുഞ്ഞിനെയും പാച്ചല്ലൂരിലേക്ക് ഇയാൾ കൂട്ടിക്കൊണ്ടുവന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.നെടുമങ്ങാട് പനവൂർ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകൾ ശിവഗംഗയാണ് (45 ദിവസം) കൊല്ലപ്പെട്ടത്.സംഭവത്തിൽ കുഞ്ഞിന്റെ അ‌ച്ഛനായ പാച്ചല്ലൂർ മാർക്കറ്റിന് സമീപം പേറയിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (24)റിമാൻഡിലാണ്. കുഞ്ഞിനെ ആറ്റിലുപേക്ഷിച്ച വള്ളത്തിൻകടവ് ഭാഗത്ത് ഉണ്ണിക്കൃഷ്ണൻ മുമ്പ് ബൈക്കിൽ വന്നുപോയതായ പരിസരവാസിയുടെയും മൊഴിയും കേസിൽ നിർണായകമായി. പാച്ചല്ലൂരിലെഅറിയപ്പെടുന്ന കുടുംബത്തിലെ അംഗമായ ഉണ്ണികൃഷ്ണനും ഫേസ് ബുക്ക് സുഹൃത്തും പ്രായത്തിൽ മുതിർന്നതുമായ ചിഞ്ചുവുമായുള്ള പ്രണയവും വിവാഹവും ഉണ്ണികൃഷ്ണന്റെ വീട്ടുകാ‌ർക്ക് ഇഷ്ടമായിരുന്നില്ല. ചി‌ഞ്ചു ഗർഭിണിയായതറിഞ്ഞ വീട്ടുകാ‌ർ ഉണ്ണിക്കൃഷ്ണനെ വീട്ടിൽ കയറ്റാൻ വിസമ്മതിച്ചു. ഉണ്ണികൃഷ്ണനൊപ്പം കഴിയണമെന്ന് ചിഞ്ചുശാഠ്യം പിടിച്ചതോടെ ഇവർ തമ്മിൽ നിരന്തരം വഴക്കായി. പ്രസവത്തിന് ശേഷം നൂല് കെട്ട് കഴിഞ്ഞയുടൻ കുഞ്ഞുമായി അമ്മയെ കാണാമെന്നും കുഞ്ഞിനെ കാണുമ്പോൾ അമ്മയുടെ പിണക്കം കെട്ടടങ്ങുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉണ്ണിക്കൃഷ്ണൻ ചിഞ്ചുവും കുഞ്ഞുമായി പാച്ചല്ലൂരേക്ക് വന്നത്. ചിഞ്ചുവിനെ കണ്ടാൽ അമ്മയ്ക്ക് ദേഷ്യം വരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഉണ്ണിക്കൃഷ്ണൻ ഓട്ടോയിൽ കുഞ്ഞുമായെത്തിയ ചിഞ്ചുവിന്റെ പക്കൽ നിന്ന് കുഞ്ഞിനെ വാങ്ങി ബൈക്കിൽ പ്ലാസ്റ്റിക്ക് കുട്ടയിലാക്കി അമ്മയെ കാണിക്കാനെന്ന വ്യാജേന കടന്നുകളയുകയായിരുന്നു. ഏറെനേരമായിട്ടും കാണാത്തതിനെ തുട‌ർന്ന് ഉണ്ണിക്കൃഷ്ണനെ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതേ തുടർന്ന് ചിഞ്ചു പാച്ചല്ലൂരിലെ ഉണ്ണിക്കൃഷ്ണന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെ കണ്ടില്ല.

കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്നും കാണാനില്ലെന്നും കാട്ടി ചിഞ്ചു തിരുവല്ലം പൊലീസിൽ പരാതി നൽകി. ചിഞ്ചുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആറ്റിൽ ഉപേക്ഷിച്ച കാര്യം വെളിപ്പെട്ടത്. ഫയർ‌ഫോഴ്സിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ചിഞ്ചുവിന്റെ ബന്ധുക്കൾക്ക് കൈമാറും. കൂടുതൽ അന്വേഷണത്തിനായി ഉണ്ണിക്കൃഷ്ണനെ കസ്റ്രഡയിൽ വാങ്ങുമെന്ന് ഫോർട്ട് അസി. കമ്മിഷണർ പ്രതാപൻ നായർ വെളിപ്പെടുത്തി.