covid

 ആലപ്പാട് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ

കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയുടെ തീരദേശത്ത് ജനജീവിതം പ്രതിസന്ധിയിൽ. തീവ്രരോഗ ബാധിത മേഖലയായി മാറിയ ആലപ്പാട് പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കുകയും അഴീക്കൽ ഫിഷിംഗ് ഹാ‌ർബർ അടയ്ക്കുകയും ചെയ്തതാണ് മത്സ്യബന്ധനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കിയത്.

കഴിഞ്ഞ ദിവസം 58 പോസിറ്റീവ് കേസുകളാണ് ആലപ്പാട് റിപ്പോർട്ട് ചെയ്‌തത്. ആലപ്പാട് പഞ്ചായത്തിന്റെ ഒന്ന് മുതൽ പന്ത്രണ്ടുവരെ വാർഡുകളിൽ പലയിടത്തും കുടുംബം കൂട്ടത്തോടെ രോഗബാധിതരായ സാഹചര്യമാണുള്ളത്.

സമ്പർക്ക വ്യാപനം തീഷ്ണമായിരിക്കെ ആരോഗ്യപ്രവർത്തകരും ജനങ്ങളും കടുത്ത ആശങ്കയിലാണ്. രോഗവ്യാപനം തടയുന്നതിന് പഞ്ചായത്തിലേക്കുള്ള റോഡുകൾ അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയതോടെ തീരദേശം ഒറ്റപ്പെട്ടു. ആലപ്പാട്ടെ ജനങ്ങളിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായ സാമൂഹ്യ അകലം പാലിച്ച് കടലിൽ ജോലി ചെയ്യാനാകാത്തതിനാൽ ഇവരിൽ സമ്പർക്ക വ്യാപനത്തിനുള്ള സാദ്ധ്യതയേറെയാണ്.

വള്ളങ്ങളിൽ ഒരുമിച്ച് ജോലിചെയ്യുന്നവർക്കും ഇവരുമായി സഹവസിക്കുന്നവ‌ർക്കും രോഗം പെട്ടെന്ന് പകരും. തീരദേശമാകെ രോഗത്തിന്റെ പിടിയിലായതോടെ കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാനാണ് അഴീക്കൽ ഹാർബർ അടയ്ക്കുകയും ആലപ്പാട് നിന്നുള്ള വള്ളങ്ങളും ബോട്ടുകളും മത്സ്യത്തൊഴിലാളികളും കടലിൽ ഇറങ്ങരുതെന്നും കളക്ടർ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യാനങ്ങൾ കരയ്ക്കടുപ്പിച്ചതോടെ തൊഴിലില്ലാതെ വീടുകൾക്കുള്ളിൽ കഴിച്ചുകൂട്ടുകയാണ് ജനങ്ങൾ.

 മിച്ചം കണ്ണീരും കടവും

കഴിഞ്ഞ രണ്ട് പ്രളയവും ഓഖിയും സമ്മാനിച്ച കെടുതികൾ അതിജീവിക്കാനാകാതെ വിഷമിക്കുമ്പോഴാണ് കൊവിഡ് വില്ലനായത്. ലോക് ഡൗൺ ആരംഭിച്ചത് മുതൽ കടലിൽ പോകാനാകാതെ തുറകളിൽ കഴിച്ചുകൂട്ടിയ ഇവർക്ക്, പിന്നാലെ വന്ന ട്രോളിംഗ് നിരോധനവും കാലവ‌ർഷക്കെടുതികളും സമ്മാനിച്ചത് കണ്ണീരും കടവുമാണ്.

അൺലോക്ക് നടപടികളിൽ നിയന്ത്രണങ്ങൾ അയഞ്ഞതോടെ മത്സ്യബന്ധനം പുനരാരംഭിക്കുകയും ഹാർബറുകളും വിപണിയും സജീവമായി ജോലിയും തരക്കേടില്ലാത്ത വരുമാനവും ലഭിച്ച് തുടങ്ങിയപ്പോഴാണ് തീവ്രവ്യാപനം വീണ്ടും ജനത്തിന്റെ അന്നംമുട്ടിച്ചത്. കാലവർഷക്കെടുതികളാൽ കഴിഞ്ഞമാസം ഇവർക്കാർക്കും കടലിൽപോകാനും കഴിഞ്ഞില്ല. കടലാക്രമണത്തിൽ നിരവധി വീടുകൾക്കും കേടുപാടുണ്ടായി. വീടുകളിൽ അടുപ്പ് പുകയ്ക്കാനും കടംവീട്ടാനും നിവൃത്തിയില്ലാതെ ജീവൻപണയം വച്ച് കടലിൽ ഇറങ്ങിയ രണ്ട് ബോട്ടുകൾ തിരയിൽപ്പെട്ട് തകർന്നു. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേ‌ർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെയാണ് വീണ്ടും കൊവിഡ് വ്യാപനം ഉപജീവനവും തടസപ്പെടുത്തിത്.

 സ്ഥിതി ഗുരുതരം

1. ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ, ശ്രായിക്കാട്, പറയകടവ്, കുഴിത്തുറ, ചെറിയഴീക്കൽ, പണിക്കർകടവ്, പണ്ടാരത്തുരുത്ത്, വെള്ളനാതുരുത്ത് പ്രദേശങ്ങളിൽ മിക്ക വീടുകളിലും ജോലി ചെയ്ത് കുടുംബം പോറ്റേണ്ടവരിൽ മിക്കവരും രോഗബാധിതരോ ക്വാറന്റൈനിലോ ആണ്

2. ആലപ്പാട്ടേതുപോലെ തീവ്രമല്ലെങ്കിലും പന്മന, ചവറ, നീണ്ടകര, കൊല്ലം കോർപ്പറേഷൻ, മയ്യനാട്, പരവൂർ നഗരസഭാ പ്രദേശങ്ങളിലെ തീരദേശത്തെ സ്ഥിതിയും വ്യത്യസ്തമല്ല

''

അയലയും ചെമ്മീനും താടയും പരവയുമുൾപ്പെടെ ചാകരക്കൊയ്ത്ത് സമയത്ത് കടലിൽ പണിക്കിറങ്ങാൻ കഴിയുന്നില്ല. ഓണക്കാലത്തും ശേഷവും റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന റേഷനും ഭക്ഷ്യധാന്യക്കിറ്റുകളുമാണ് ഏക ആശ്രയം.

മത്സ്യത്തൊഴിലാളികൾ