പുനലൂർ:കഴിഞ്ഞ മാസം റീ ടാറിംഗ് നടത്തി നവീകരിച്ച കൊല്ലം-തിരുമംഗലം ദേശിയ പാതയുടെ മദ്ധ്യഭാഗം വെട്ടിപ്പൊളിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.ദേശിയ പാതയിലെ പുനലൂരിന് സമീപത്തെ കലയനാട് ജംഗ്ഷനിലാണ് വാട്ടർ അതോറിട്ടിയുടെ ചോർച്ച രൂപപ്പെട്ട പൈപ്പ് ലൈൻ മാറ്റാൻ റോഡിന്റെ മദ്ധ്യഭാഗത്തെ ടാറിംഗ് ഉൾപ്പടെയുളള ഭാഗം വെട്ടിപ്പൊളിച്ച് കുഴിയാക്കിയത്.കഴിഞ്ഞ ഒരാഴ്ചയായി വെട്ടിപ്പൊളിച്ച പാതയിലെ കുഴി നികത്തി റോഡ് സഞ്ചാര യോഗ്യമാക്കി മാറ്റാത്തത് കാരണം ഗതാഗത തടസവും രൂക്ഷമായി മാറുകയാണ്. ഒരു സമയം ഒരു ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് മാത്രമെ ഇത് വഴി കടന്ന് പോകാൻ കഴിയു. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയുടെ മദ്ധ്യഭാഗമാണ് വെട്ടിക്കുഴിച്ചിട്ടിരിക്കുന്നത്.
പൈപ്പ് പൊട്ടിയാൽ ദേശീയപാത വെട്ടിപ്പൊളിയ്ക്കും
ദേശിയ പാതയുടെ അടിയിൽ മദ്ധ്യഭാഗത്തു കൂടി കടന്ന് പോകുന്ന വാട്ടർ അതോറിട്ടിയുടെ പഴഞ്ചൻ പൈപ്പുകൾക്ക് കാലപ്പഴത്തെ തുടർന്നാണ് ചോർച്ചയുണ്ടാകുന്നത്. എന്നാൽ റോഡിന്റെ മദ്ധ്യ ഭാഗത്ത് കൂടി കടന്ന് പോകുന്ന വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പ് ലൈനുകൾ മാറ്റി പാതയോരത്ത് സ്ഥാപിച്ച ശേഷമേ നവീകരണ ജോലികൾ ആരംഭിക്കാവു എന്ന് ആവശ്യം ഉയർന്നെങ്കിലും അധികൃതർ ചെവിക്കോണ്ടില്ല. ഇതാണ് നവീകരിച്ച് മോടി പിടിപ്പിച്ച ദേശിയ പാത ഇപ്പോൾ വെട്ടിപ്പൊളിക്കേണ്ടി വന്നതെന്ന് നാട്ടുകാർ ആരോപിച്ചു.പതയുടെ അടിയിലൂടെ സ്ഥാപിച്ചിട്ടുളള പഴ പൈപ്പ് ലൈനുകളിൽ വീണ്ടും ചോർച്ചയുണ്ടാകും.അപ്പോഴെല്ലാം ദേശീയ പാത വെട്ടിപ്പൊളിക്കേണ്ട സ്ഥിതി നേരിടേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.
അവസാന ഘട്ട മിനുക്കുപണികൾ
ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള ഭാഗത്തെ റോഡാണ് റീ ടാറിംഗ് നടത്തി മോടി പിടിപ്പിച്ചിരിക്കുന്നത്.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നും അനുവദിച്ച 35കോടി രൂപ ചെലവഴിച്ചാണ് 34 കിമീറ്റർ ദൈർഘ്യമുളള ദേശീയ പാത നവീകരിച്ചത്.ഇതിൻെറ അവസാന ഘട്ട മിനുക്കുപണികൾ ഇപ്പോഴും നടന്ന് വരികയാണ്.പാതയോരത്ത് സീബ്രാ ലൈൻ സ്ഥാപിക്കൽ, ഓടകളുടെ മൂടി സ്ഥാപിക്കൽ ഉൾപ്പടെ അവശേഷിക്കുന്ന ജോലികൾ നടന്ന് വരുന്നതിനിടെയാണ് റീ ടാറിംഗ് നടത്തി മനോഹരമാക്കിയ പാത വെട്ടിപ്പൊളിക്കുന്നത്. ഇതിനൊപ്പം 40 കോടിയോളം രൂപ ചെലവഴിച്ച് പുനലൂർ മുതൽ അമ്പലത്തും കാലവരെയുളള ഭഗത്തെ ദേശിയ പാത റീ ടാറിംഗ് നടത്തി മോടി പിടിപ്പിക്കുന്ന ജോലികൾ ഒരു മാസമായി നടന്ന് വരികയാണ്.