കൊല്ലം: ജില്ലയിൽ നൂറും അതിൽ കൂടുതലും കിടക്കകൾ ഉള്ള സഹകരണ, സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കിയ സൗകര്യങ്ങൾ സംബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിനകം റിപ്പോർട്ട് നൽകാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം.
നിർദ്ദേശം അവഗണിക്കുന്ന ആശുപത്രികൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നിയമ നടപടി സ്വീകരിക്കും. അത്തരം ആശുപത്രികളുടെ പ്രവർത്തനാനുമതി ഉടൻ പിൻവലിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ ഉത്തരവ് നൽകി. നൂറും അതിൽ കൂടുതലും കിടക്കകൾ ഉള്ള ജില്ലയിലെ സ്വകാര്യ, സഹകരണ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ തുടർ ചികിത്സ ഉറപ്പാക്കാൻ പ്രത്യേക ഐ.സി.യു വാർഡുകൾ സജ്ജമാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ചില ആശുപത്രികൾ ഉത്തരവ് അവഗണിച്ചതായി ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ ബോദ്ധ്യമായി. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ കളക്ടർക്ക് കൈമാറിയിരുന്നു. ചികിത്സയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ച രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട സ്വകാര്യ ആശുപത്രിയുടെ നടപടി കൂടി പരിഗണിച്ച ജില്ലാ ഭരണകൂടം ഗൗരവമായ ഇടപെടലുകളിലേക്ക് കടക്കുകയായിരുന്നു.
ആശുപത്രികൾ നൽകേണ്ട വിവരങ്ങൾ
1. നൂറും അതിൽ കൂടുതലും കിടക്കകൾ ഉള്ള ആശുപത്രികൾ അവരുടെ ആകെ കിടക്കകളുടെ എണ്ണം
2. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് മാറ്റിവച്ചിട്ടുള്ള കിടക്കകളുടെ എണ്ണം
3. ഐ.സി.യു, വെന്റിലേറ്റർ, മറ്റ് അനുബന്ധ സൗകര്യങ്ങൾ