photo

കൊല്ലം: ഉമ്മന്നൂർ ചേക്കോട്ടുകോണം തുടർ വിദ്യാകേന്ദ്രം ഒരു ചെറിയ സംഭവമല്ല, ഇന്ത്യൻ പ്രസിഡന്റിന്റെവരെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഗ്രാമാന്തരീക്ഷത്തിലെ അക്ഷരക്കൂടാരമാണത്. ഒരുപാട് പേർക്ക് അറിവിന്റെ അക്ഷരച്ചെപ്പ് തുറന്നയിടം ഇന്ന് ആർക്കും വേണ്ടാതെ തകർന്നടിയുകയാണ്. പ്രായമൊന്നും നോക്കാതെ എത്രയെത്രപേർ സാക്ഷരതയ്ക്കും തൊഴിൽ പരിശീലനത്തിനും ബോധവത്കരണ ക്ളാസിനുമൊക്കെയായി ഇവിടെ വന്നുപോകാറുണ്ടായിരുന്നു. പ്രവർത്തന മികവിൽ സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡും സംസ്ഥാനത്തെ മികച്ച സാക്ഷരതാ പ്രവർത്തകയ്ക്ക് ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡും നേടിയെടുത്ത തുടർവിദ്യാകേന്ദ്രത്തിനാണ് അധികൃതരുടെ അനാസ്ഥയിൽ തകരാറ് സംഭവിച്ചിരിക്കുന്നത്.

കെട്ടിടം തകർന്നു

1991 ജനുവരി 1ന് പ്രവർത്തനം ആരംഭിച്ച ഈ തുടർവിദ്യാകേന്ദ്രം പ്രദേശത്തുള്ള പ്രായഭേദമന്യേ എല്ലാവർക്കും സാക്ഷരതാപഠനം, തുല്യതാ പഠനം, ബോധവത്കരണം, തൊഴിൽ പരിശീലനം എന്നീ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടത്തിവന്നിരുന്നു. ഇവിടത്തെ പ്രേരകായിരുന്ന സി.ഷീജയാണ് സംസ്ഥാനത്തെ മികച്ച പ്രേരക്കിനുള്ള ദേശീയ പുരസ്കാരം ഇന്ത്യൻ പ്രസിഡന്റിൽ നിന്നും വാങ്ങിയത്.എന്നാൽ ഇപ്പോൾ സാക്ഷരതാകേന്ദ്രം പ്രവർത്തനം നിലച്ച മട്ടിലാണ്. കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം ഏതു നിമിഷവും നിലം പൊത്താവുന്ന രീതിയിൽ തകർന്നു.