veg

 തമിഴ്നാട്ടിൽ വിളനാശമെന്ന് കച്ചവടക്കാർ

കൊല്ലം: നാട്ടിൽ മഴ തിമിർക്കുമ്പോഴും പച്ചക്കറി വിപണിയിൽ കൊടും ചൂട്. ഓണക്കാലത്ത് കുത്തനെ ഉയർന്ന പച്ചക്കറി വില ഇടയ്ക്ക് ഇടിഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും കുതിച്ചുയരുകയാണ്. സവാള, കാരറ്റ്, തക്കാളി, പച്ചമുളക് എന്നിവയ്ക്കാണ് പൊള്ളുന്ന വില.

സവാള ഒരാഴ്ചയ്ക്കിടയിൽ 45 ൽ നിന്ന് കുതിച്ചുയർന്ന് 55 ആയി. പ്രാദേശികമായി ഉല്പാദനം കുറവുള്ള ഇനങ്ങളുടെ വിലയാണ് കൂടുതൽ ഉയർന്നിരിക്കുന്നത്. തമിഴ്നാട്ടിൽ മഴ കാരണം വിളനാശം ഉണ്ടായെന്നാണ് പതിവുപോലെ വിലവർദ്ധനവിന്റെ കാരണമായി കച്ചവടക്കാർ പറയുന്നത്. സർക്കാർ സംവിധാനങ്ങൾ ഇടപെട്ടില്ലെങ്കിൽ സവാള വില ഇടക്കാലത്തേത് പോലും വൻതോതിൽ കുതിച്ചുയരാനും സാദ്ധ്യതയുണ്ട്.

ഒരുമാസമായി നീണ്ടുനിൽക്കുന്ന മഴ പ്രാദേശിക ഉല്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണ ഓണക്കാലത്തിന് ശേഷം വിപണിയിൽ മാന്ദ്യമുണ്ടാകുന്നതോടെ പച്ചക്കറി അടക്കം എല്ലാ ഇനങ്ങളുടെയും വില താഴും. കുറഞ്ഞത് രണ്ട് മാസമെങ്കിലും ഈ സ്ഥിതി തുടർന്ന ശേഷമാണ് മാറ്റമുണ്ടാകുന്നത്. ഇപ്പോൾ ഓണം കഴിഞ്ഞ് ഒരുമാസം പിന്നിടും മുൻപെ പച്ചക്കറി വില പൊള്ളുകയാണ്.

 ഓണക്കാലത്തെ വില, ഇപ്പോഴത്തെ വില

സവാള- 40, 55

വെണ്ടയ്ക്ക- 70, 55

വഴുതന- 40, 48

തക്കാളി- 45, 48

ഉരുളൻ കിഴങ്ങ്- 48, 48

പച്ചമുളക്- 48, 60

കാരറ്റ് - 76, 100

ബീറ്റ്റൂട്ട്- 34, 60

അമരയ്ക്ക- 44, 40

ബീൻസ്- 85, 88