photoi
സുനാമി പുനധിവാസ കോളനിയിലെ വീടുകൾ, സുനാമി കോളനിയിലേക്കുള്ള മണൽ റോഡ്.

കരുനാഗപ്പള്ളി: 16 വർഷത്തിന് മുമ്പ് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽനിന്നും പുനരധിവസിച്ചവരാണ് നന്ദനം സുനാമി പുനരധിവാസ കോളനിയിലുള്ളത്. സുനാമി ദുരന്തത്തെ തുടർന്ന് കുലശേഖരപുരം പുരം ഗ്രാമപഞ്ചായത്തിലെ 15-ം വാർഡിലേക്കാണ് സർക്കാർ ഇവരെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ നരകതുല്യമായ ജീവിതമാണ് ഇവരനുഭവിക്കുന്നത് .

അസൗകര്യങ്ങളുടെ നടുവിൽ

കോളനിയിലേക്ക് കയറി ചെല്ലാൻ സഞ്ചാര യോഗ്യമായ റോഡില്ല. വീടുകളുടെ നിർമ്മാണ സമയത്ത് രണ്ടര മീറ്റർ വീതിയിൽ റോഡിനുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഇപ്പോഴും ഇവിടം ടാർ ചെയ്യാതെ കിടക്കുന്നു .മഴ പെയ്തു തുടങ്ങിയാൽ റോഡ് വെള്ളക്കെട്ടായി മാറും. പിന്നെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് നിരവധി തവണ മത്സ്യഫെഡിന് പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞ്പോലും നോക്കിയിട്ടില്ല . 23 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സന്നദ്ധ സംഘടനകളാണ് ഇവർക്ക് സർക്കാരിന്റെ അനുവാദത്തോടെ വീടുകൾ നിർമ്മിച്ച് നൽകിയത്.

കക്കൂസുകൾ പൊട്ടിഒഴുകും

16 വർഷം പിന്നിടുമ്പോൾ വീടുകളുടെ കട്ടിളകളും ജനാലകളും ദ്രവിച്ച് തുടങ്ങി. മഴക്കാലത്ത് കക്കൂസുകൾ എല്ലാ പൊട്ടി ഒഴുകും. ഇതോടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വീട്ടുകാർ ബുദ്ധിമുട്ടിലാകും. സ്ത്രീകളാണ് എറ്റവും കൂടുതൽ വലയുന്നതെന്ന് വീട്ടമ്മയായ ബീന പറയുന്നു. വീടുകളുടെ നിർമ്മാണത്തിൽ വന്ന പിഴവുകളാണ് ഇതിനെല്ലാം കാരണമെന്ന് ഇവർ പരാതിപ്പെടുന്നു. . മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇവിടെ താമസം. 5 കിലോമീറ്ററോളം കാൽനടയായാണ് തൊഴിലാളികൾ കടലിൽ പോകുന്ന വള്ളങ്ങളിൽ കയറാനായി പോകുന്നത്.

ദുരവസ്ഥ മാറ്റണം
വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്ഒരു ആനുകൂല്യങ്ങളും ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് കോളനി താമസക്കാരാനായ ഓമനക്കുട്ടൻ പറയുന്നത്.

കോളനിയുടെ ദുരവസ്ഥ മാറി അടിസ്ഥന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.