x-l
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തി എട്ടാം ഓണാഘോഷം ( ഫയൽ ചിത്രം)

തഴവ: ആളും ആരവവും കാളകെട്ടുമില്ലാതെ ഇന്ന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28ാം ഓണമഹോത്സവം ആചാരമായി നടക്കും. വൈകിട്ട് 4.30ഓടെ ക്ഷേത്ര ഭരണസമിതിയുടെ മേൽനോട്ടത്തിൽ കെട്ടി ഒരുക്കിയ ഒരു ജോഡി കെട്ടുകാളയെ പടനിലത്തേക്ക് എഴുന്നെള്ളിച്ച് അഞ്ചരയോടെ സമർപ്പണം നടത്തും.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. ഏതാനും ചില ഭരണസമിതി ഭാരവാഹികൾ, ക്ഷേത്രജീവനക്കാർ എന്നിവരൊഴിച്ച് കാഴ്ചക്കാരെ ഒഴിവാക്കണമെന്നാണ് പൊലീസ് നിർദേശം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷം ഓണാട്ടുകരയിലെ കാർഷിക സമൃദ്ധിയുടെ ഉത്സവമായാണ് അറിയപ്പെടുന്നത്. ആറ്റക്കുരുവികൾ കൂടൊരുക്കും പോലെ ദിവസങ്ങൾ നീളുന്ന പരിശ്രമത്തിലൂടെയാണ് കെട്ടുകാളകളെ തയ്യാറാക്കിയിരുന്നത്.

ഓണാട്ടുകരയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി നുറ്റി അൻപതിൽപ്പരം കെട്ടുരുപ്പടികളാണ് ഉരുപത്തിയെട്ടാം ഓണാഘോഷത്തിന് പടനിലത്ത് അണിനിരത്തിയിരുന്നത്. വലിപ്പം കൊണ്ടും ശില്പ ചാതുര്യം കൊണ്ടും ഒന്ന് മറ്റൊന്നിനോട് മത്സരിക്കുന്ന തരത്തിലുള്ള കെട്ടുകാളകളുടെ പ്രദർശനം ദേശീയ ശ്രദ്ധ ആകർഷിച്ചതാണ്.

പ്രതീകാത്മക ചടങ്ങുകൾക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ വിമൽ ഡാനി എന്നിവർ നേതൃത്വം നൽകും.