kollam

കൊല്ലം: "നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ, നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്‌ന്നെടുക്കുന്നോ, നിങ്ങൾ ഞങ്ങടെ കുഴിമാടം കുളംതോണ്ടുന്നോ, നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്....." കടമ്മനിട്ടയുടെ വരികളിലൂടെ കൊടികെട്ടിയ തമ്പുരാക്കന്മാരോട് കുറത്തി ചോദിച്ചതെല്ലാം എക്കാലത്തും പ്രസക്തമാണ്.

ആശ്രാമത്ത് എട്ട് കലാകാരന്മാർ കുറവനും കുറത്തിയുമടക്കം എട്ട് പ്രതിമകൾ നിർമ്മിക്കുന്നത് മേയർക്ക് അത്രയങ്ങ് പിടിച്ചിട്ടില്ലെന്ന് തോന്നുന്നു. മേയറേ,​ ശില്പം ഒരാശയമാണ്,​ സാമൂഹിക സന്ദേശമാണ്,​ സൗന്ദര്യമാണ്,​ ഇന്നലയെ കാട്ടിക്കൊടുക്കലാണ്. ഇ.എം.എസിന്റെയും വെളിയം ഭാർഗവന്റെയും ആർ. ശങ്കറിന്റെയുമൊക്കെ പ്രതിമകൾ നാട്ടിൽ പലേടത്തും വച്ചേക്കുന്നത് ഈ നാടിന്റെ ചരിത്രത്തിലേക്കുള്ള തിരനോട്ടമാണ്. ആ ചരിത്രത്തിൽ അവർ ചമച്ച അടയാളങ്ങളുണ്ട്. അതുവഴി അവർ ഇന്നത്തെ സാമൂഹിക മാറ്റത്തിന്റെ ആധാരശിലയായതാണ്. അല്ലാതെ കുറെ സ്ഥലം കണ്ടപ്പോൾ ചുമ്മാതെ പാർട്ടിക്കാര് വച്ചുപോയവയല്ല അവ.

അഷ്ട പ്രതിമകളുടെ നിർമ്മാണം നിറുത്തിവയ്പ്പിച്ച മേയറുടെ വിരുത് കണ്ട് കൊല്ലത്തുകാർ മൂക്കത്ത് വിരൽ വയ്ക്കുകയാണ്. സി.പി.എമ്മുകാർ കൂടി അറിഞ്ഞുകൊണ്ടാണോ നിർമ്മാണത്തിന് അനുമതി നിഷേധിച്ചതെന്ന് അറിയില്ല. കലാകാരനായ സ്ഥലം എം.എൽ.എ ഇപ്പോഴും ഇടതുമുന്നണിയിൽ തന്നെയെന്നാണ് നാട്ടുകാരുടെ വിശ്വാസം. അദ്ദേഹം കൊണ്ടുവന്ന ലളിതമായ പദ്ധതിയെ തുടച്ചുനീക്കാൻ പാകത്തിൽ ആശ്രാമത്ത് ഇപ്പോൾ എന്താണ് സംഭവിച്ചതെന്നും ജനത്തിനറിയില്ല.

പ്രതിമകൾ സ്ഥാപിക്കുന്നത് എന്തോ വലിയ പരിസ്ഥിതി തകർച്ചയാണെന്നും ആശ്രാമം ഇപ്പോൾ ഇല്ലാതാകുമെന്നൊക്കെ പറഞ്ഞ് കുറെ പരിസ്ഥിതി പ്രേമികളും രംഗത്തുണ്ട്. നിർമ്മാണത്തിൽ അഴിമതി വല്ലതുമുണ്ടെങ്കിൽ സമരമോ പ്രതിഷേധമോ ഒക്കെയാവാം. വേറൊന്ന് കൂടി ചോദിക്കട്ടെ, ആശ്രാമത്ത് ഇതിനകം ഒട്ടേറെ നിർമ്മാണങ്ങൾ നടന്നല്ലോ ? അതൊന്നുമെന്തേ നിറുത്തിവയ്പിച്ചില്ല. ടൂറിസം വകുപ്പിന്റെ ഹോട്ടലടക്കം കടകളും ബങ്കുകളും ഉണ്ടല്ലോ. ദാ ഫിഷറീസ് സ്‌കൂൾ കെട്ടിടവും വരുന്നുണ്ട്. അതൊന്നും പരിസ്ഥിതി പ്രശ്നമല്ലേ ?​

പ്രതിമ നിർമ്മിക്കുന്നത് തടസപ്പെടുത്തുമ്പോൾ എന്താണ് കിട്ടുക മേയറെ ? ചരിത്രം അവസാനിക്കുന്നില്ലെന്ന് കമ്മ്യൂണിസ്‌റ്റുകാർ തന്നെയല്ലേ പറഞ്ഞുനടക്കുന്നത്. കടമ്മനിട്ടയിൽ തന്നെ നിറുത്തുന്നതാകും നല്ലത്. 'ഭരണമായ് പണ്ടാരമായ് പല പുതിയ രീതികൾ.. പുതിയഭാഷകൾ പഴയ നീതികൾ നീതിപാലകർ.'